കൊച്ചി: പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ.എം ഷാജി പ്രതിയായ പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാരും ഇഡിയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു കെ.എം ഷാജി വാദിച്ചത്. എന്നാൽ ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നായിരുന്നു സർക്കാർ വാദിച്ചത്. 2014ൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റി എന്നതായിരുന്നു വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ്. ഇതിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. അന്വേഷണം പൂർത്തിയാക്കാനുള്ള സാവകാശമെങ്കിലും തരണമെന്ന് സർക്കാരിന്റെ അഭിഭാഷകൻ ഇന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ ഷാജിക്കെതിരെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സർക്കാരിന്റെ അപ്പീൽ തള്ളുകയായിരുന്നു. കോഴപ്പണം ഉപയോഗിച്ചാണ് കെ.എം ഷാജി കോഴിക്കോട് ഭാര്യയുടെ പേരിൽ വീട് നിർമിച്ചതെന്നായിരുന്നു ഇഡി കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇഡി അപ്പീൽ നൽകിയിരുന്നത്. ഇതും സുപ്രീംകോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: