സന്നിധാനം: തികഞ്ഞ യോദ്ധാവായിരുന്ന അയ്യപ്പന് മുന്പില് കളരിമുറകള്‍ അവതരിപ്പിച്ചു ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്ണദാസ് ഗുരുക്കളുടെ ശിക്ഷണത്തില്‍ 14 പേര് അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ കളരി പ്രകടനങ്ങള്‍ കാഴ്ച വച്ചത്.
കൃഷ്ണദാസ് ഗുരുക്കളുടെ പിതാവ് ഗുരു ശങ്കരനാരായണ മേനോനാണ് സന്നിധാനത്ത് കളരി അഭ്യാസ പ്രകടനം തുടങ്ങി വച്ചത്. അത് അഭംഗുരം തുടര്‍ന്ന് പോരുകയാണ് മകന് കൃഷ്ണദാസ്. തൃശൂര്‍ ജില്ലയില്‍ 14 ശാഖകള്‍ ഉള്ള കളരിസംഘത്തില്‍ ആകെ 117 പേര് ആയോധനമുറകള്‍ അഭ്യസിക്കുന്നുണ്ട്. കളരി വന്ദനം, പുലിയങ്കപ്പയറ്റ്, മുച്ചാണ് പയറ്റ്, കാലുയര്‍ത്തി പയറ്റ്, മെയ്പ്പയറ്റ്, കഠാര പയറ്റ്, ഉടവാള് പയറ്റ്, മറപിടിച്ച കുന്തം, വടിവീശല്‍, ഉറുമിപ്പയറ്റ് എന്നിവ സംഘം അവതരിപ്പിച്ചു.
പഠിതാക്കളായ അജീഷ്, ഗോകുല്‍, ആനന്ദ്, വിനായക്, ഖേലോ ഇന്ത്യ ഖേലോ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ അഭിനന്ദ്, ഗോകുല്‍ കൃഷ്ണ തുടങ്ങിയവര്‍ കളരി മുറകള്‍ കാഴ്ചവച്ചു. കൃഷ്ണദാസ് ഗുരുക്കളോടൊപ്പം രാജീവ് ഗുരുക്കളും ദിനേശന് ഗുരുക്കളും സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: