കോഴിക്കോട്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായകം. വൈകീട്ട് മൂന്നരയ്ക്ക് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിക്കെതിരെ ജയിക്കാനായാല്‍ മറ്റൊന്നും കേരളത്തിന് ചിന്തിക്കേണ്ടതില്ല. ഉറപ്പായും ഫൈനല്‍സിലേക്ക് യോഗ്യതനാടനാകും. മറിച്ച് തോല്‍വി വഴങ്ങുകയോ സമനിലയില്‍ കുരുങ്ങുകയോ ചെയ്താല്‍ മറ്റ് ടീമുകളുടെ പ്രകടനം പരിഗണിക്കേണ്ടിവരും.
ഗ്രൂപ്പ് ജേതാക്കള്‍ മാത്രമാണ് സന്തോഷ് ട്രോഫി ഫൈനല്‍സിന് അര്‍ഹരാകുക. ഗ്രൂപ്പ് എച്ചില് ആദ്യ രണ്ട് മത്സരം കഴിയുമ്പോള്‍ കേരളം ആറ് പോയിന്റുമായി മുന്നിലാണ്. മറ്റ് ടീമുകളില്‍ ലക്ഷദ്വീപ് രണ്ട് മത്സരം പരാജയപ്പെട്ട് പുറത്തായിക്കഴിഞ്ഞു. റെയില്‍വേയും പുതുച്ചേരിയും ഓരോ മത്സരം പരാജയപ്പെട്ട് നില്‍ക്കുകയാണ്. ഇന്ന് അവര്‍ ജയിച്ച് ആറ് പോയിന്റ് നേടിയ കേരളത്തിനൊപ്പമെത്തിയാലും ഗോള്‍ വ്യത്യാസത്തിലൂടെ ഗ്രൂപ്പ് ജേതാക്കള്‍ നിര്‍ണയിക്കപ്പെടും.
പ്രാഥമിക റൗണ്ടില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ള ടീമുകളില്‍ ഗ്രൂപ്പ് ജേതാക്കള്‍ മാത്രമായിരിക്കും ഫൈനല്‍സിലേക്ക് പ്രവേശിക്കുക. ഇതുവരെ അവസാനിച്ച ഗ്രൂപ്പ് പോരാട്ടങ്ങളില്‍ പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഒഡീഷ, തമിഴ്നാട്, രാജസ്ഥാന് എന്നീ ടീമുകളാണ് ഫൈനല്സിലേക്കെത്തിയിട്ടുള്ളത്.
ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കഴിഞ്ഞ രണ്ട് കളികളിലും ടീം ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പാണ് ടീം ഏറ്റവും ഒടുവില്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: