പനാജി: നാവികസേനയുടെ അന്തര്‍വാഹിനിയും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് രണ്ടുപേരെ കാണാതായി. ഗോവ തീരത്തിന് 70 നോട്ടിക്കില്‍ മൈല്‍ (129.64 കിലോമീറ്റര്‍) അകലെ വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണു സംഭവം. കാണാതായവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍തോമ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 13 പേരാണു ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരെ രക്ഷപ്പെടുത്തി. ഗോവ തുറമുഖത്തു നിന്ന് പോയ സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സൈന്യത്തിന്റെ ആറ് കപ്പലുകളും ഒരു കോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി.
മുംബൈയിലെ മാരിടൈം റെസ്ക്യൂ കോ ഓര്‍ഡിനേഷന്‍ സെന്ററാണ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. തീരദേശ സേനയും രക്ഷാദൗത്യത്തില്‍ പങ്കാളികളാണ്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: