മലാഗ: സ്വന്തം നാട്ടില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഡേവിസ് കപ്പ് പ്രീക്വാര്‍ട്ടറില്‍ സ്പെയിന് പരാജയപ്പെട്ടതോടെ ടെന്നിസില്‍ നിന്നും ഒരു ഇതിഹാസം കൂടി കൊഴിഞ്ഞു. രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍- റാഫേല്‍ നദാല്‍. ഇടം കൈകൊണ്ടു തൊടുക്കുന്ന താരത്തിന്റെ സ്വതസിദ്ധമായ പവര്‍ഫുള്‍ ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ കാണാമറയത്തായിട്ട് കാലമേറെയായി. പരിക്കും പ്രായവും അലട്ടാന്‍ തുടങ്ങിയത് മുതല്‍ ആ അതിവേഗ ഷോട്ടുകള്‍ പലതും ഓര്‍മകളില്‍ തന്നെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി യഥാര്‍ത്ഥ നദാലിന്റെ നിഴല്‍ പോലും കളത്തില്‍ കാണാനാകുന്നില്ല. ഇന്നലത്തെ ഡേവിസ് കപ്പ് പോരാട്ടത്തിലെ സ്പെയിന്റെ സിംഗിള്‍സ് പോരാട്ടത്തോടെ കോര്‍ട്ടിലെ ഇതിഹാസത്തിന്റെ സാന്നിധ്യം പോലും മറഞ്ഞിരിക്കുന്നു. ഇനി സൈഡ് ലൈനില്‍ മുന്‍ താരമായി, തികഞ്ഞ ആസ്വാദകനായി നദാലും ഇരിപ്പുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
സിംഗിള്‍സ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിന്റെ ബോട്ടിക് വാന്‍ ഡെ സാന്‍ഡ്സ്കള്‍പ്പ് ആണ് നദാലിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍ 6-4, 6-4.
പ്രാദേശിയ സമയം ചൊവ്വാഴ്ച അര്‍ദ്ധരാത്രി കഴിയുമ്പോഴായിരുന്നു മലാഗയിലെ മത്സരം.
നദാല്‍ പരാജയപ്പെട്ടെങ്കിലും യുവതാരം കാര്‍ലോസ് അല്‍കാരസ് നേടിയ വിജയത്തിലൂടെ സ്പെയിന് തിരിച്ചുവരവിനൊരുങ്ങിയതാണ്. പക്ഷെ ഡബിള്‍സ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സ് സഖ്യത്തോട് മാര്‍സെല്‍ ഗ്രനോല്ലേഴ്സ് പരാജയം രുചിച്ചതോടെ സ്പെയിന് ടീം പുറത്തായി.
23 വര്‍ഷം നീണ്ട കരിയറിനിടെ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി. ഒളിംപിക്സില്‍ നിന്നും ഓരോ സ്വര്‍ണവും വെള്ളിയും നേടിയിട്ടുണ്ട്. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാല്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. താരം ഏറ്റവും ഒടുവില്‍ നേടിയ കിരീടം 2022ലെ ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റിലാണ്.
നദാലിന്റെ കൊഴിഞ്ഞുപോക്കോടെ രണ്ടായിരങ്ങളില്‍ തുടങ്ങിയ ലോക ടെന്നിസിലെ ബിഗ് ത്രീയിലെ രണ്ടാമനാണ് ഇല്ലാതാകുന്നത്. രണ്ട് വര്‍ഷം മുമ്പ് ഈ നിരയില്‍ നിന്നും റോജര്‍ ഫെഡറര്‍ വിരമിച്ചിരുന്നു. ഇനി നോവാക് ദ്യോക്കോവിച്ച് മാത്രമാണ് അവശേഷിക്കുന്നത്. ഈ മൂന്ന് താരങ്ങളും മാത്രമാണ് ടെന്നിസിന്റെ ചരിത്രത്തില്‍ 20ലേറെ ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള പുരുഷ സിംഗിള്‍സ് താരങ്ങള്‍.
നേട്ടങ്ങള്‍
പ്രൊഫഷണല്‍ കരിയറിലെ തുടക്കം 2001ല്‍
ആദ്യ ശ്രദ്ധേയ പ്രകടനം 2003 വിംബിള്‍ഡനില്‍ മൂന്നാം റൗണ്ട് വരെ മുന്നേറ്റം
ഒളിംപിക്സ് സ്വര്‍ണം- 2008ല്‍ ബെയ്ജിങ്ങില്‍ സിംഗിള്‍സില്‍ സ്വര്‍ണം
2016ല്‍ ഡബിള്‍സില്‍ മാര്‍ക് ലോപ്പസുമൊത്ത് സ്വര്‍ണം പങ്കിട്ടു
ഡേവിസ് കപ്പ്- സ്പെയിന് നാല് തവണ ജേതാക്കളായപ്പോള്‍ നദാലും ഉണ്ടായിരുന്നു(2004, 2008, 2009, 2011)
ഗ്രാന്‍ സ്ലാം കിരീടങ്ങള്‍: ആകെ 22 കിരീടം
ഫ്രഞ്ച് ഓപ്പണില്‍ ആധിപത്യം- 14 കിരീടങ്ങള്‍, രണ്ട് തവണ തുടര്‍ച്ചയായി നാല് വര്‍ഷം ജേതാവായി(2005-2008, 2017-2020)
ഫ്രഞ്ച് ഓപ്പണ്‍ റിക്കാര്‍ഡ്(112 ജയങ്ങള്ക്കിടെ 4 പരാജയം)
ഓസ്ട്രേലിയന്‍ ഓപ്പണ്‍-രണ്ട് തവണ(2009, 2022)
വിംബിള്‍ഡണ്‍-രണ്ട് തവണ(2008, 2010)
യുഎസ് ഓപ്പണ്‍- നാല് തവണ(2010, 2013, 2017, 2019)
കരിയറിലെ ആകെ കിരീട നേട്ടം- 92
പ്രതികരിക്കാൻ ഇവിടെ എഴുതുക: