ന്യൂദല്‍ഹി: വിശ്വനാഥന്‍ ആനന്ദ് 2012ല്‍ ലോകചാമ്പ്യനായശേഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞ 12 വര്‍ഷമായി എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം തമിഴ്നാട്ടിലെ ഗുകേഷ് സ്വന്തമാക്കുമോ? ചെസിലെ ലോകചാമ്പ്യനായി 18 കാരന്‍ ഗുകേഷ് മാറുമോ? വിജയം ഉറപ്പായും ഗുകേഷിന് തന്നെയെന്നാണ് അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞ മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെയുള്ള ചെസ്സിലെ വിദഗ്ധര്‍ നടത്തുന്ന പ്രവചനം. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഗുകേഷിന്റെ വിജയം പ്രവചിക്കുന്നു
ലോകചെസ് കിരീടപ്പോരാട്ടം തുടങ്ങാന്‍ നാല് നാള്‍ മാത്രം.
അതുപോലെ ഇയാന്‍ നെപോമ്നിഷിയും പ്രവചിക്കുന്നത് ഗുകേഷ് ലോകചാമ്പ്യനാകും എന്ന് തന്നെയാണ്. പക്ഷെ ഇവര്‍ ഒരു കാര്യം അടിവരയിട്ട് പറയുന്നു-ചൈനയുടെ ഡിങ് ലിറന്‍ ഫോം വീണ്ടെടുത്താല്‍ അയാളെ പരാജയപ്പെടുത്തുക ഗുകേഷിന് ശ്രമകരമാകും. നവമ്പര്‍ 25നാണ് സിംഗപ്പൂരില്‍ ലോക ചെസ് കിരീടപ്പോരാട്ടം ആരംഭിക്കുന്നത്. ഡിസംബര്‍ 13 വരെയാണ് മത്സരം.
കാന്‍ഡിഡേറ്റും ഒളിമ്പ്യാഡും- ഗുകേഷ് മികച്ച ഫോമില്‍
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഗുകേഷ് തുടര്‍ച്ചയായി പുലര്‍ത്തുന്ന മികച്ച ഫോമാണ് കിരീടം നേടുമെന്ന പ്രവചനത്തിന് പിന്നില്‍. ടൊറന്‍റോയില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലെ മികച്ച പ്രകടനമാണ് ഗുകേഷിനെ ലോകകിരീടപ്പോരാട്ടത്തിന് പ്രാപ്തനാക്കിയത്. കാന്‍ഡിഡേറ്റ്സില്‍ 18 കാരനായ ഗുകേഷ് പ്രജ്ഞാനന്ദയും ഫാബിയോനോ കരുവാനയും ഇയാന്‍ നെപോമ്നിഷിയും അലിറെസ ഫിറൂഷയും ഉള്‍പ്പെട്ട ഗ്രാന്‍റ് മാസ്റ്റര്‍മാരെ പിന്തള്ളി കിരീടം നേടിയതോടെയാണ് നിലവിലെ ലോകചാമ്പ്യനായ ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടാന്‍ യോഗ്യത നേടിയത്. പിന്നീട് ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ ചാമ്പ്യന്‍ പദത്തിലേക്ക് എത്തിച്ചത് ഗുകേഷ് നടത്തിയ മികച്ച പ്രകടനമാണ്.
ഗുകേഷും ഡിങ്ങ് ലിറനും തുല്ല്യശക്തികള്‍
പക്ഷെ ഗുകേഷിന്റെയും ചൈനീസ് താരം ഡിങ്ങ് ലിറന്റെയും ഉയര്‍ന്ന ഫോം കണക്കിലെടുത്താല്‍ രണ്ടു കൂട്ടരും തുല്യശക്തികളാണ്. പക്ഷെ അടുത്തകാലത്തായി ഡിങ്ങ് ലിറന്‍ മോശം ഫോമിലാണ്. പക്ഷെ ഫോം വീണ്ടെടുത്താല്‍ സിംഗപ്പൂരിലെ മത്സരം തുല്യശക്തികള്‍ തമ്മിലുള്ള തീപാറും പോരാട്ടമാകും. ഗുകേഷിന്റെ അനുഭവപരിചയക്കുറവും കിരീടപ്പോരാട്ടത്തില്‍ ഡിങ്ങ് ലിറന് അനുകൂലമായ ഘടകമാണ്.ഓരോ ലോകചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും ഓരോ താളമാണ്. ഇത് തിരിച്ചറിയണമെങ്കില്‍ നല്ല അനുഭവപരിചയം വേണം. അത് ഡിങ്ങ് ലിറനുണ്ട്. വെറും 18 കാരനായ ഗുകേഷ് വിശ്വോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ ടൂര്‍ണ്ണമെന്‍റുകളില്‍ ഇനിയും കുറെ വര്‍ഷങ്ങള്‍ മാറ്റുരച്ചാല്‍ മാത്രമേ അക്ഷോഭ്യനായ കളിക്കാരനായി മാറൂ.
ഗുകേഷിന്റെ മനസ്സൊരുക്കാന്‍ പാഡി അപ്ടണ്‍
പാഡി അപ്ടണ്‍ എന്ന മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ ഒരുക്കുന്നത്. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറയുന്നു. ഏകദേശം 20 കായിക ഇനങ്ങളില്‍ നിന്നുള്ള ലോക ചാമ്പ്യന്‍മാരെ ഒരുക്കിയ പരിചയമുള്ള വ്യക്തിയാണ ്പാഡി അപ്ടണ്‍.
14ല്‍ ഏഴര പോയിന്‍റ് ആദ്യം ആര് നേടും?
14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: