തൃശൂർ പൂരം ക്ഷേത്രങ്ങളുടെയോ സാമുദായിക വിഭാഗങ്ങളുടെയോ മാത്രം ആഘോഷമല്ലെന്ന് സത്യവാങ്മൂലം നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. കൂടാതെ പൂരം അലങ്കോലമാക്കാനുള്ള പ്രവൃത്തികൾ വരുംവർഷങ്ങളിലും ഉണ്ടാകാമെന്നും അതിനാൽ പൂരത്തിന്റെ നടത്തിപ്പിനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഉന്നതാധികാര കമ്മിറ്റിക്ക് രൂപം നൽകണമെന്നും സെക്രട്ടറി പി. ബിന്ദു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
സത്യവാങ്മൂലത്തിലെ മറ്റു കാര്യങ്ങൾ ഇങ്ങനെ,
പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ആക്ഷേപം ഉയർന്നെങ്കിലും ഇത്തരം പരാതികൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഇത് രമ്യമായി പരിഹരിച്ച് പൂരം തടസ്സമില്ലാതെ നടത്തുകയാണ് ചെയ്യുക. ഇത്തരം നിയന്ത്രണങ്ങളുടെ പേരിൽ പൂരം പ്രതിസന്ധിയിലായി എന്ന പ്രചാരണം നടത്തുന്നത് ഏതാനും നാളുകളായി പതിവാണ്. പാറമേക്കാവ് ദേവസ്വം വെടിക്കെട്ടുസമയത്ത് പൂരപ്പറമ്പിൽ നിൽക്കാൻ പണിക്കാർ ഉൾപ്പടെ 160 പേരുടെ ലിസ്റ്റ് മാത്രമാണ് നൽകിയത്.
തിരുവമ്പാടി ദേവസ്വം തങ്ങൾ പറയുന്നവരെ മുഴുവൻ പൂരപ്പറമ്പിൽ കയറ്റണം എന്ന നിലപാടാണ് സ്വീകരിച്ചത്.തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ആനകളെ നൽകാത്തതിനാൽ ഘടകപൂരങ്ങളുടെ ശോഭ കുറഞ്ഞു.* പൂരം ഏതെങ്കിലും പ്രത്യേക ക്ഷേത്രങ്ങളുടെയോ സാമുദായിക വിഭാഗങ്ങളുടെയോ മാത്രം ആഘോഷമല്ല. 1796-ൽ ശക്തൻ തമ്പുരാന്റെ ഉത്തരവുപ്രകാരം ചിട്ടപ്പെടുത്തിയതാണ്.
അതേസമയം, ജില്ലാ പോലീസ് മേധാവി ഇടപെട്ട് പൂരം കലക്കിയെന്നാരോപിച്ച് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളികൃഷ്ണയും അടങ്ങിയ ബെഞ്ച് മറുപടി സത്യവാങ്മൂലം ഫയൽചെയ്യാൻ ഹർജിക്കാരോട് നിർദേശിച്ചു. ഹർജിയിൽ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ടെന്ന് കോടതിയിൽ തിരുവമ്പാടി ദേവസ്വം അറിയിച്ചെങ്കിലും വൈകീട്ടുവരെ അപ്ലോഡ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: