അശ്വനി വൈഷ്ണവ്
കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി
‘ഭാരതത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ അംബാസഡര്‍മാരാണ് നിങ്ങള്‍. നിങ്ങള്‍ ‘വോക്കല്‍ ഫോര്‍ ലോക്കലി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്’- ഈ വര്‍ഷമാദ്യം ഇതാദ്യമായി ദേശീയതലത്തില്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. പ്രചോദനാത്മകമായ ഈ വാക്കുകള്‍, രാജ്യത്തിന്റെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥയുടെ പരിവര്‍ത്തനപരമായ പങ്ക് എടുത്തുകാട്ടുന്നു. ഇന്നു നമ്മുടെ ഉള്ളടക്ക സ്രഷ്ടാക്കള്‍ വെറും കഥപറച്ചിലുകാര്‍ മാത്രമല്ല; ഭാരതത്തിന്റെ സ്വത്വം രൂപപ്പെടുത്തുകയും ആഗോള വേദിയില്‍ അതിന്റെ ചലനാത്മകത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രനിര്മാതാക്കള് കൂടിയാണ് അവര്‍. 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (IFFI) ഗോവയില്‍ തുടക്കമാകുമ്പോള്‍, ‘യുവ ചലച്ചിത്ര പ്രവര്‍ത്തകര്‍-ഇപ്പോഴാണു ഭാവി’ എന്ന പ്രമേയത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത എട്ട് ദിവസങ്ങളില്‍, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നൂറുകണക്കിനു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രത്യേക സെഷനുകളുണ്ടാകും. ആഗോള ചലച്ചിത്രമേഖലയിലെ മികച്ച പ്രതിഭകളെ ആദരിക്കും. ആഗോള-ഇന്ത്യന്‍ ചലച്ചിത്ര മികവിന്റെ ഈ സംയോജനം, നവീകരണത്തിന്റെയും തൊഴിലിന്റെയും സാംസ്്കാരിക നയതന്ത്രത്തിന്റെയും ശക്തികേന്ദ്രമായി ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥയെ അടിവരയിടുന്നു.
സര്‍ഗാത്മക സമ്പദ്വ്യവസ്ഥയുടെ വികസിക്കുന്ന ചക്രവാളം
ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥ 30 ശതകോടി ഡോളര്‍ വ്യവസായമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് ജിഡിപിയുടെ ഏകദേശം 2.5 ശതമാനം സംഭാവന ചെയ്യുകയും 8 ശതമാനം തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗമേകുകയും ചെയ്യുന്നു. സിനിമ, ഗെയിമിങ്, ആനിമേഷന്‍, സംഗീതം, ഇന്ഫളുവന്സ് മാര്‍ക്കറ്റിങ് എന്നിവയും അതിലേറെയും വ്യാപിച്ചുകിടക്കുന്ന ഈ മേഖല നമ്മുടെ സാംസ്കാരിക ഭൂപ്രകൃതിയുടെ ഊര്‍ജസ്വലതയെ പ്രതിഫലിപ്പിക്കുന്നു.
3375 കോടി രൂപ മൂല്യമുള്ള, രണ്ടുലക്ഷത്തിലധികം മുഴുവന്‍ സമയ ഉള്ളടക്ക സഷ്ടാക്കളുള്ള, ഈ വ്യവസായം ഭാരതത്തിന്റെ ആഗോള അഭിലാഷങ്ങളെ നയിക്കുന്ന ചലനാത്മക ശക്തിയാണ്. ഗുവാഹത്തി, കൊച്ചി, ഇന്‍ഡോര്‍ തുടങ്ങിയ കൂടുതല്‍ നഗരങ്ങള്‍ സര്‍ഗാത്മക പ്രഭവകേന്ദ്രങ്ങളായി മാറുകയും വികേന്ദ്രീകൃത സര്‍ഗാത്മക വിപ്ലവത്തിന് ഊര്‍ജം പകരുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ 110 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളും 70 കോടി സമൂഹമാധ്യമ ഉപയോക്താക്കളും സര്‍ഗാത്മകതയുടെ ജനാധിപത്യവത്കരണത്തിനു നേതൃത്വം നല്കുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഒടിടി സേവനങ്ങളും ഉള്ളടക്ക സ്രഷ്ടാക്കളെ ആഗോള പ്രേക്ഷകരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പ്രാദേശിക ഉള്ളടക്കത്തിന്റെയും കഥപറച്ചിലിന്റെയും വളര്‍ച്ച ആഖ്യാനത്തെ കൂടുതല്‍ വൈവിധ്യവത്കരിച്ചു. ഇത് ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥയെ യഥാര്‍ത്ഥത്തില്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതുമാക്കി.
വിവിധ മാനങ്ങളിലുള്ള സ്വാധീനം
സര്‍ഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് ജിഡിപി വളര്‍ച്ചയ്ക്കപ്പുറത്തേക്കു വ്യാപിക്കുന്ന അഗാധമായ സ്വാധീനമുണ്ട്. അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ വിനോദസഞ്ചാരം, അതിഥിസത്കാരം, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ഇതു കാര്യമായി സ്വാധീനി
ക്കുന്നു. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് പാര്‍ശ്വവത്കരിക്കപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കുന്നു. സാമൂഹിക ഉള്‍പ്പെടുത്തല്‍, വൈവിധ്യം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. കഥപറച്ചില്‍ വൈദഗ്ധ്യത്തിലൂടെ, ഭാരതം ആഗോളതലത്തില്‍ അതിന്റെ സോഫ്റ്റ് പവര്‍ വര്‍ധിപ്പിക്കുന്നു. ബോളിവുഡ് മുതല്‍ പ്രാദേശിക സിനിമ വരെ, ലോക വേദിയില്‍ സമ്പന്നമായ സാംസ്കാരിക ആഖ്യാനം പ്രദര്‍ശിപ്പിക്കാന്‍ രാജ്യത്തിനാകുന്നു. പരിസ്ഥിതി സൗഹൃദ ഉത്പാദന രീതികളിലും സുസ്ഥിര ഫാഷന്റെ ഉയര്‍ച്ചയിലും കാണുന്നതുപോലെ, പരിസ്ഥിതി അവബോധമുള്ള വളര്‍ച്ചയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കി, ഈ മേഖല ആഗോള സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു.
പരിവര്‍ത്തനാത്മക ഇടപെടലുകള്‍
ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ് വ്യവസ്ഥയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിന്, സര്‍ക്കാര്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു: കരുത്തുറ്റ പ്രതിഭാനിര പരിപോഷിപ്പിക്കല്‍, സ്രഷ്ടാക്കള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കു കരുത്തേകല്‍, കഥാകഥനം നടത്തുന്നവരെ ശാക്തീകരിക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കല്‍. ഈ കാഴ്ചപ്പാടിന്റെ ഭാഗമായി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (ഐഐസിടി) സ്ഥാപിക്കുന്നത് നൂതനാശയവും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ്. ചലച്ചിത്രനിര്മാണം, ആഴത്തിലുള്ള അനുഭവങ്ങള്‍, സംവേദനാത്മക വിനോദം എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ, ഉള്ളടക്ക സൃഷ്ടിയുടെ ഭാവി പുനര്‍നിര്‍വചിക്കാന്‍ രാജ്യം ഒരുങ്ങുകയാണ്.
ഉള്ളടക്ക സൃഷ്ടിയിലും നൂതനാശയത്തിലും രാജ്യത്തെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന സംരംഭമാണ് ലോക ശ്രവ്യ-ദൃശ്യ-വിനോദ ഉച്ചകോടി (WAVES). ശ്രവ്യ-ദൃശ്യ – വിനോദ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് സ്രഷ്ടാക്കളും മേഖലയിലെ പ്രമുഖരും നയ ആസൂത്രകരും ഒത്തുചേരുന്ന ചലനാത്മകവേദിയായി ഇത് പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ ‘ക്രിയേറ്റ് ഇന്‍ ഇന്ത്യ’ കാഴ്ചപ്പാടുമായി യോജിക്കുന്ന ഉച്ചകോടി, സഹകരണം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സര്‍ഗാത്മക സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയുടെ അപാരസാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള മുന്‍നിര സംരംഭമാണ് ‘ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ചസ്’. ഉച്ചകോടിയുടെ ഭാഗമായി തുടക്കമിട്ട ഈ ചലഞ്ചുകള്‍ ആനിമേഷന്‍, ഗെയിമിങ്, സംഗീതം, ഒടിടി ഉള്ളടക്കം, ആഖ്യാനാത്മക കഥപറച്ചില്‍ തുടങ്ങിയ പ്രധാന മേഖലകളിലെ പ്രതിഭകളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു.
മുന്നോട്ടുള്ള പാത: ഭാരതത്തെ ലോകവേദിയിലെത്തിക്കല്
ചലച്ചിത്ര മികവിന്റെ ആഘോഷമായി എട്ടുദിവസം നീളുന്ന ഐഎഫ്എഫ്ഐ നല്കുന്ന സന്ദേശം വ്യക്തമാണ്: ഭാരതത്തിന്റെ സ്രഷ്ടാക്കള്‍ ആഗോള സര്‍ഗാത്മക സമ്പദ് വ്യവസ്ഥയെ നയിക്കാന്‍ തയ്യാറാണ്. നയപരിഷ്കാരങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, നൂതനാശയങ്ങള്‍ക്കുള്ള പ്രോത്സാഹനം എന്നിവയിലൂടെ ഈ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്തിന്റെ സ്രഷ്ടാക്കളെ സംബന്ധിച്ചിടത്തോളം, പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമാണ്: 5ജി, വെര്‍ച്വല്‍ പ്രൊഡക്ഷന്‍, നിര്‍മിതബുദ്ധി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളെ മറികടന്ന് രാജ്യത്തിന്റെ സവിശേഷ സ്വത്വത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുന്ന കഥകള്‍ പറയുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.
നൂതനാശയങ്ങള്‍ സൃഷ്ടിക്കുകയും സഹകരിക്കുകയും തടസങ്ങളില്ലാതെ സൃഷ്ടി നടത്തുകയും ചെയ്യുന്നവരുടേതാണ് ഭാവി. ഭാരതത്തിന്റെ സര്‍ഗാത്മക സമ്പദ്വ്യവസ്ഥ പ്രചോദനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും സാംസ്കാരിക നയതന്ത്രത്തിന്റെയും ആഗോള നേതൃത്വത്തിന്റെയും വഴികാട്ടിയാകട്ടെ. ഓരോ ഇന്ത്യന്‍ സ്രഷ്ടാവും ആഗോളതലത്തില്‍ കഥപറയാന്‍ പ്രാപ്തരാകുന്നുവെന്നും നാളെയെ രൂപപ്പെടുത്തുന്ന കഥകള്‍ക്കായി ലോകം ഭാരതത്തിലേക്കു നോക്കുന്നുവെന്നും ഉറപ്പാക്കാന്‍ നമുക്ക് ഒരുമിച്ചു മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: