കാസര്‍കോട്: മുസ്ലിം പള്ളിക്കമ്മിറ്റിയുടെ ആവശ്യപ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കിയ ജെസിബി ഉടമയ്ക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയെന്ന കുറ്റമാണ് ചെറുവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഈറോഡ് സ്വദേശി തങ്കരാജിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്ഥലം ഉടമകളായ പള്ളിക്കമ്മിറ്റിയെ പൂര്‍ണമായും ഒഴിവാക്കിയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതോടെ ആത്മഹത്യയുടെ വക്കിലാണ് തങ്കരാജും കുടുംബവും.
സ്ഥലം ഉടമകളായ പള്ളിക്കാരെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി തൊഴിലാളിക്ക് മാത്രം ശിക്ഷ വിധിക്കുകയായിരുന്നു. ആദ്യം പിഴ ചുമത്തിയത് 12 ലക്ഷം രൂപയായിരുന്നു. പിന്നീടത് 45 ലക്ഷമാക്കി. തുടര്‍ന്ന് കളക്ടര്‍ ജെസിബി കണ്ടുകെട്ടുകയും ചെയ്തു.
ചെറുവത്തൂര്‍ കൈതക്കാട് വാടകവീട്ടില്‍ താമസിക്കുന്ന ഈറോഡ് സ്വദേശി എന്‍. തങ്കരാജാണ് ഇതോടെ വഴിയാധാരമായത്. 2023 ജൂണ്‍ 24 ന് ഗണേഷ്മുക്കിലെ നസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയുടെ കിഴക്ക് ഭാഗത്തെ കബര്‍സ്ഥാനില്‍ മൂടിയ മണ്ണ് നീക്കാന്‍ പള്ളിക്കമ്മിറ്റിക്കാരാണ് വിളിച്ചത്. മണ്ണ് നീക്കുന്നതറിഞ്ഞ് എത്തിയ ചന്തേര എസ്ഐ എം.വി. ശ്രീദാസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജെസിബി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് റവന്യൂ വിഭാഗം 12 ലക്ഷം രൂപ പിഴ ചുമത്തി. പള്ളിക്കമ്മിറ്റിക്കാര് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുമായി കളക്ടറേറ്റിലെത്തി പരാതി പറഞ്ഞെങ്കിലും 2024 ജൂണ്‍ 14 ന് പിഴ 45 ലക്ഷമാക്കി വര്‍ധിപ്പിച്ചു. ജെസിബിയുടെ വില 29.9 ലക്ഷമായി നിശ്ചയിച്ച് അതിന്റെ ഒന്നര മടങ്ങ് പിഴ ചുമത്തുകയായിരുന്നു.
നീക്കിയ മണ്ണ് അവിടെത്തന്നെയുണ്ട്. 20 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും 60 ലോഡ് മണ്ണിട്ട് നികത്തിയെന്ന് വിലയിരുത്തി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് പിഴ ചുമത്തിയത്. പിഴ ഒടുക്കാത്തതിനാല്‍, 2024 ജൂലൈ 27 ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന് ജെസിബി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. പള്ളിക്കമ്മിറ്റിക്കാര് തങ്കരാജിനെ ഒരുതരത്തിലും സഹായിച്ചില്ല. 37 ലക്ഷം രൂപയോളം വായ്പയെടുത്താണ് ജെസിബി വാങ്ങിയത്. 18 മാസമായി ചന്തേര പോലീസ് സ്റ്റേഷന് വളപ്പില്‍ കിടന്ന് തുരുമ്പിക്കുകയാണത്.
വരുമാനം നിലച്ചതോടെ ഭാര്യ സുചിത്രയും ഇരട്ട പെണ്മക്കളുമടങ്ങുന്ന തങ്കരാജിന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. പള്ളിക്കമ്മിറ്റിക്കാര് തെറ്റിദ്ധരിപ്പിച്ചതാണെന്നും പിഴ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് തങ്കരാജും കുടുംബവും ഹര്‍ജി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. റവന്യു മന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുകയാണ് കുടുംബം. ജോലിക്ക് വിളിച്ചിട്ടില്ലെന്നും അടയ്ക്കാന്‍ പൈസ ഇല്ലെന്നും പറഞ്ഞ് പള്ളിക്കാര് കൈയൊഴിഞ്ഞു. അവര്‍ വിളിക്കാതെ ജെസിബിയുമായി പള്ളിസ്ഥലത്ത് എത്താന്‍ കഴിയില്ലല്ലോ. ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലാണെന്ന് തങ്കരാജന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: