റാഞ്ചി: ജാർഖണ്ഡിന്റെ സംസ്കാരത്തിനും സമൂഹത്തിനും ഭീഷണിയാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജാർഖണ്ഡിലെ ഗോദ്ദയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നുഴഞ്ഞുകയറ്റത്തിന് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിൽ പ്രവേശിച്ച് വനവാസി പെൺകുട്ടികളെ വിവാഹം കഴിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നു. അവർക്ക് ഭൂമിയുടെ വിലയും ലൗ ജിഹാദും നന്നായി അറിയാം. അവർ നമ്മുടെ സമൂഹത്തിനും സംസ്കാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ 1951ൽ സന്താൽ പർഗാനയിൽ 23 ലക്ഷം ഹിന്ദുക്കളും രണ്ട് ലക്ഷം മുസ്ലീങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ഈ മേഖലയിൽ ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനത്തിൽ നിന്ന് 67 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലീം ജനസംഖ്യ 31 ശതമാനമായി വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യ സർക്കാർ വോട്ട് ബാങ്കിന് വേണ്ടി നുഴഞ്ഞുകയറ്റത്തെ സംരക്ഷിക്കുകയാണെന്നും ശർമ കുറ്റപ്പെടുത്തി. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയാണ് ഹിമന്ത് ബിശ്വ ശർമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: