ഗോത്രവര്‍ഗ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വീര ബിര്‍സ മുണ്ടയുടെ പാരമ്പര്യം ആഘോഷിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ജന്‍ജാതീയ ഗൗരവ് ദിനം ഭാരതം ഇന്നലെ സമുചിതമായി ആചരിച്ചു. ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മദിനമെന്ന നിലയില്‍ മാത്രമല്ല ഈ ദിനാചരണം. മുന്‍കാലങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സംഭാവനകളും ഉയര്‍ത്തിക്കാട്ടുന്ന ദിനം കൂടിയാണിത്.
രാജ്യത്തെ ഗോത്രസമൂഹങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധം നയങ്ങള്‍ക്കപ്പുറമാണ്; വ്യക്തിപരമായ ഒന്നാണ്. ഗോത്രഭവനത്തില് ചായ പങ്കിടുന്നതോ, അവരുടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതോ, അതുമല്ലെങ്കില്‍ അഭിമാനത്തോടെ അവരുടെ പരമ്പരാഗത വസ്ത്രം ധരിക്കുകയോ ചെയ്യുന്നതാകട്ടെ അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഈ ബന്ധം പ്രകടമാണ്. മുന്‍ സമീപനങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഗോത്രവര്‍ഗ സമൂഹങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ ഇടപഴകല്‍ ആഴത്തിലുള്ളതാണ്. അദ്ദേഹം അവരുടെ കഥകളും കലകളും നായകരെയും മുന്‍നിരയിലേക്കു കൊണ്ടുവരികയും ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് അവരുടെ സംഭാവനകള്‍ ഉയര്‍ത്തുകയും ചെയ്തു. പലതരത്തിലും, രാജ്യത്തെ ഗോത്രവര്‍ഗ സമൂഹങ്ങളുമായി അടുത്ത ബന്ധം വളര്‍ത്തിയെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി.
കഴിഞ്ഞ ദശകത്തില്‍, ഗോത്ര സംസ്കാരത്തിന്റെ അംഗീകാരവും ആഘോഷവും ശ്രദ്ധേയമായ പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ചു. ദേശീയ-ആഗോള വേദികളിലുടനീളം ഗോത്രസമൂഹങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ പ്രധാനമന്ത്രി മോദി സ്വീകരിച്ച വഴികള്‍ ഇതാ…
ലോകനേതാക്കള്‍ക്കു സമ്മാനമായി ഗോത്ര കല-കരകൗശല വസ്തുക്കള്‍
ലോകനേതാക്കള്‍ക്ക് ഗോത്ര കലാസൃഷ്ടികള്‍ സമ്മാനിക്കുന്നതിലൂടെ, പ്രധാനമന്ത്രി മോദി ഭാരതത്തിന്റെ ഗോത്രസംസ്കാരങ്ങളോട് ആഗോളതലത്തിലുള്ള മതിപ്പു വര്‍ധിപ്പിക്കുകയും ചര്‍ച്ചകളും സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്ന, സങ്കീര്‍ണമായ ലോഹപ്പണികള്ക്കും ആഴത്തിലുള്ള ചരിത്രപാരമ്പര്യങ്ങള്‍ക്കും പേരുകേട്ട ഡോക്ര ശില്പ്പങ്ങള് ഓസ്ട്രേലിയ, ബ്രസീല്‍, കുക്ക് ദ്വീപുകള്‍, ടോങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്ക്കു നല്‍കിയിട്ടുണ്ട്. ആകര്‍ഷകമായ നിറങ്ങളും സങ്കീര്‍ണമായ അലങ്കാര മാതൃകകളുമുള്ള, ഝാര്‍ഖണ്ഡില്‍ നിന്നുള്ള, സൊഹ്റായ് പെയിന്റിങ്ങുകള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും മധ്യപ്രദേശില്‍ നിന്നുള്ള ഗോണ്ഡ് പെയിന്റിങ് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്കും സമ്മാനിച്ചു. ഉസ്ബെക്കിസ്ഥാനിലെയും കോമറോസിലെയും നേതാക്കള്‍ക്കു മഹാരാഷ്ട്രയുടെ ഗോത്രപൈതൃകമായ വാര്‍ലി ചിത്രങ്ങള്‍ നല്‍കിയും ആദരിച്ചു.
ഭൗമസൂചിക ടാഗുകളിലൂടെ ഗോത്രപാരമ്പര്യത്തിനു പ്രോത്സാഹനം
ഭൗമസൂചിക അംഗീകാരത്തിലൂടെ (ജിഐ ടാഗ്) ഗോത്രവര്‍ഗ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിച്ചു. 75-ലധികം ഗോത്ര ഉല്‍പ്പന്നങ്ങളാണു നിലവില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഗോത്ര കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനുള്ള ഈ ശ്രമം, പരമ്പരാഗത കരകൗശല വസ്തുക്കളെ അംഗീകൃത ബ്രാന്‍ഡുകളാക്കി മാറ്റുന്ന സര്‍ക്കാരിന്റെ ‘തദ്ദേശീയമായതിനുള്ള ആഹ്വാന’ത്തിന് അനുസൃതമാണ്. ഗോത്രസമൂഹങ്ങളുടെ വൈവിധ്യമാര്‍ന്ന ഭാഷകള്‍, പാരമ്പര്യങ്ങള്‍, സാംസ്കാരിക സമ്പ്രദായങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി മുന്നൂറിലധികം ഗോത്ര പൈതൃക സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഭഗവാന് ബിര്‍സ മുണ്ടയുടെ പാരമ്പര്യത്തിന് ആദരം
നവംബര്‍ 15 ജന്‍ജാതീയ ഗൗരവ് ദിനമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി, ഭഗവാന് ബിര്‍സ മുണ്ടയെ ആദരിച്ചു. ഝാര്‍ഖണ്ഡിലെ ഉലിഹാതുവിലുള്ള മുണ്ടയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. റാഞ്ചിയിലെ ഭഗവാന് ബിര്‍സ മുണ്ട സ്മാരകോദ്യാനവും സ്വാതന്ത്രസമരസേനാനി മ്യൂസിയവും, മുണ്ടയുടെ 25 അടിയുള്ള പ്രതിമയും മറ്റു ഗോത്രവര്‍ഗ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്നതും ഈ അംഗീകാരത്തിന് അടിവരയിടുന്നു. ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ശ്രീവിജയപുരത്തെ വനവാസി കല്യാണ്‍ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ വലിയ പ്രതിമ സ്ഥാപിക്കും. ഇതിന് മുമ്പായി, പ്രതിമയുമേന്തി വിവിധ സ്ഥലങ്ങളിലേക്കു ”ഗൗരവ് യാത്ര” സംഘടിപ്പിക്കും.
ആദി മഹോത്സവം
2017ല്‍ തുടക്കമിട്ടതു മുതല്‍, ‘ആദി മഹോത്സവം’ ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ഗോത്രവര്‍ഗ സംരംഭകത്വവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിച്ചു. ഇതുവരെ 37 പതിപ്പുകള്‍ നടന്നു. ഗോത്രകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഗോത്രവര്‍ഗ സഹകരണ വിപണന വികസന ഫെഡറേഷന് സംഘടിപ്പിച്ച ഈ മേളയില്‍ ആയിരത്തിലധികം ഗോത്രവര്‍ഗ കരകൗശല വിദഗ്ധര്‍ പങ്കെടുക്കുകയും മുന്നൂറിലധികം സ്റ്റാളുകളിലായി വൈവിധ്യമാര്‍ന്ന ഗോത്രകലകള്‍, പുരാവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, വിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ജി-20 ഉച്ചകോടിയില്‍, ഗോത്രവര്‍ഗ കരകൗശല തൊഴിലാളികളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ അന്താരാഷ്ട്ര സ്വീകാര്യത ലഭിച്ചു.
ഗോത്രവര്‍ഗ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ആദരം
ബിര്‍സ മുണ്ട, റാണി കമലാപതി, ഗോണ്ഡ് മഹാറാണി വീരദുര്ഗാവതി തുടങ്ങിയ ഗോത്രവര്‍ഗ സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ചു. ഭാരതത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ ഖാസി-ഗാരോ, മിസോ, കോള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ മുന്നേറ്റങ്ങളും അംഗീകരിക്കപ്പെട്ടു. ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് റാണി കമലാപതി റെയില്‍വേ സ്റ്റേഷന് എന്നും മണിപ്പൂരിലെ കൈമൈ റെയില്‍വേ സ്റ്റേഷന്റെ പേര് റാണി ഗൈഡിന്‍ല്യൂ സ്റ്റേഷന് എന്നും പുനര്‍നാമകരണം ചെയ്തു. കൂടാതെ, രാജ്യത്തുടനീളം സ്വാതന്ത്ര്യസമര മ്യൂസിയങ്ങള്‍ വികസിപ്പിക്കുന്നു. റാഞ്ചിയിലെ ഭഗവാന് ബിര്‍സ മുണ്ട ഗോത്രവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം, ജബല്‍പുരിലെ രാജ ശങ്കര്‍ ഷാ, രഘുനാഥ് ഷാ മ്യൂസിയം, ഛിന്ദ്വാരയിലെ ബാദല്‍ ഭോയ് ഗോത്രവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയം എന്നിങ്ങനെ മൂന്നെണ്ണം ഇതിനകം പൂര്‍ത്തിയായി.
ഗോത്രവര്‍ഗ കയറ്റുമതി വിപുലീകരിക്കല്‍
ഭാരതത്തിന്റെ ഗോത്ര ഉത്പന്നങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ പ്രചാരം നേടുകയാണ്. 2017ല്‍, അരാകു കാപ്പി പാരീസില്‍ ആദ്യത്തെ ജൈവ കോഫി ഷോപ്പ് തുറന്നതിലൂടെ ആഗോള വിപണികളിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തി. അതുപോലെ, ഛത്തീസ്ഗഢില്‍ നിന്നുള്ള ജലാംശം നീക്കം ചെയ്ത മോഹുവ പൂക്കള്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലെത്തി. ഷോളുകള്‍, പെയിന്റിങ്ങുകള്‍, തടി കൊണ്ടുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, കുട്ടകള്‍ തുടങ്ങിയ ഗോത്ര ഉല്പന്നങ്ങള്ക്ക് വിദേശത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍, വളരെയേറെ പ്രചാരമുണ്ട്. TRIFED ഔട്ട്ലെറ്റുകളിലൂടെയും ദേശീയ അന്തര്‍ദേശീയ ഇ-കൊമേഴ്സ് വേദികളുമായുള്ള പങ്കാളിത്തത്തിലൂടെയും ഈ ശ്രമങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു.
2024 നവംബറോടെ, 2,18,500 കരകൗശലത്തൊഴിലാളി കുടുംബങ്ങളെ TRIFED ശാക്തീകരിക്കുകയും, ട്രൈബ്സ് ഇന്ത്യ എന്ന ചില്ലറ വില്പന ശൃംഖലയിലൂടെ ഒരുലക്ഷത്തിലധികം ഗോത്രവര്‍ഗ ഉത്പന്നങ്ങളുടെ വില്പന സുഗമമാക്കുകയും ചെയ്തു. കരകൗശലത്തൊഴിലാളികളെ വിശാലമായ വിപണികളുമായി ബന്ധിപ്പിച്ച്, അതുല്യമായ കരകൗശല വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുസ്ഥിര വരുമാന സ്രോതസ്സുകള്‍ ഉറപ്പാക്കുന്നതിലൂടെയും ഈ സംരംഭം ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നു.
ഭാരതത്തിലെ ഗോത്രസമൂഹങ്ങളോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിജ്ഞാബദ്ധത അവരുടെ പൈതൃകം ഉയര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ സംഭാവനകളെ ദേശീയ ആഖ്യാനത്തില്‍ സമന്വയിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണ്. ഈ സംരംഭങ്ങള്‍ ഗോത്ര സമൂഹങ്ങളുടെ ആഴത്തിലുള്ള സാംസ്കാരിക വേരുകളെ ആദരിക്കുകയും അവരെ ശാക്തീകരിക്കുകയും അവരുടെ ശബ്ദങ്ങളും ഗാഥകളും ലോകത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: