വാഷിങ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണതലത്തില്‍ തനിക്കൊപ്പമുള്ള ടീമിന്റെ പേരുകള്‍ പ്രഖ്യാപിച്ചു. കടുത്ത ചൈനാവിരുദ്ധനായ മാര്‍ക്കോ റുബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായും മൈക്കിള്‍ വാള്‍ട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിയമിക്കും. നിരവധി വര്‍ഷം ഫ്‌ളോറിഡ സെനറ്ററായിരുന്ന മാര്‍ക്കോ റുബിയോ ട്രംപിന്റെ ആശയങ്ങളുമായി ചേര്‍ന്നുപോകുന്നയാളാണ്.
ദീര്‍ഘകാലമായി ട്രംപിന്റെ വിദേശനയ ഉപദേഷ്ടാവായിരുന്നു. ഫ്ളോറിഡയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗവും റിട്ടയേഡ് സ്പെഷല്‍ ഫോഴ്സസ് ഓഫീസര്‍ കൂടിയാണ് റിപ്പബ്ലിക്കനായ മൈക്കിള്‍ വാള്‍ട്സ്. ഉക്രൈന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടങ്ങി ആഗോളതലത്തിലുള്ള വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമായിരിക്കും.
എലീസ് സ്റ്റെഫാനിക് ഐക്യരാഷ്‌ട്രസഭയിലെ അമേരിക്കയുടെ പുതിയ അംബാസഡറാകും. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് സ്റ്റെഫാനിക്. പുതിയ നിയോഗം വലിയ ഉത്തരവാദിത്തമാണെന്നും വിനയത്തോടെ സ്വീകരിക്കുന്നതായും എലീസ് സ്റ്റെഫാനിക് പ്രതികരിച്ചു. ലോകത്തിന് വഴികാട്ടിയായാണ് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍. അത് തുടരുന്നതായിരിക്കും. അതിനായി എല്ലാവരുടേയും പിന്തുണ വേണമെന്നും എലീസ് അഭ്യര്‍ത്ഥിച്ചു. നേരത്തേ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലും ഇന്റലിജിന്‍സ് ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റിയിലും എലീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ ഏജന്‍സി തലവനായി മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗം ലീ സെല്‍ഡിനെ നിയമിച്ചു. കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രചരണ മാനേജര്‍ സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: