തൃശൂര്‍: ജില്ലയില്‍ വൈറല്‍ പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. തുലാമഴയ്ക്ക് പിന്നാലെ എത്തിയ വൈറല്‍പ്പനിയാണ് വ്യാപകമാകുന്നത്. ഇതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പകല്‍ സമയത്തെ ചൂടും വൈകുന്നേരങ്ങളിലെ മഴയുമാണ് വില്ലനാകുന്നത്.
ചെറുചൂടോടെയാണ് പനിക്ക് തുടക്കമാകുന്നത്. പിന്നീട് വിറയലും ക്ഷീണവും വര്‍ധിക്കും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാന്‍ ആഴ്ചകളെടുക്കും.
കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ നിരക്കും കൂടുതലാണ്. ലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്.
പനിയുടെ സ്വഭാവം പലരിലും വ്യത്യസ്തം
തൊണ്ടവേദനയോടുകൂടിയ പനി, ശക്തമായ തലവേദന, മൂക്കടപ്പ്, കണ്ണിനു പിന്നില്‍ വേദന, ശക്തമായ പേശി വേദന, സന്ധി വേദന, ശരീരത്തില്‍ ചുവന്നു തടിച്ച പാടുകള്‍, തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശ്വാസംമുട്ട്, രക്തസമ്മര്‍ദം കുറയുക, രക്തസ്രാവം ഇവയാണ് വൈറല്‍ പനിയുടെ ലക്ഷണം. പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍ എന്നിവ കൊവിഡ് ലക്ഷണവുമാണ്. എച്ച്1 എന്‍1 പനിയാണെങ്കില്‍ പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം എന്നിവയാകും ലക്ഷണങ്ങള്‍. ഡെങ്കിപ്പനിയെങ്കില്‍ ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങളുണ്ടാകും. ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് എലിപ്പനി പിടിപെടുന്നത്.
മാസ്ക് ധരിക്കുന്നത് നല്ലത്
മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൊവിഡില്‍നിന്ന് മാത്രമല്ല, വൈറല്‍ പനിയുള്‍പ്പെടെ പകര്‍ച്ചവ്യാധികളില്‍നിന്ന് രക്ഷനേടുന്നതിനും ഉപകരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പനിയുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം. സ്വയംചികിത്സ പാടില്ല. ഇത് ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂര്‍ണമായും വിശ്രമിക്കണം.
വ്യക്തിശുചിത്വം പാലിക്കണം
വ്യക്തിശുചിത്വം പാലിക്കുന്നതും പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴങ്ങള്‍ എന്നിവ കഴിക്കുന്നത് ക്ഷീണം അകലാന്‍ ഉപകരിക്കും. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: