ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണുപോലും നഷ്ടമാകുന്നു എന്നതാണ്, അവരെ പുറത്താക്കാനുള്ള, മുസ്ലിം രാഷ്ട്രമായ ഖത്തറിന്റെ ഉറച്ച നിലപാട് നല്കുന്ന സൂചന. ഇസ്രായേലുമായുള്ള ഏറ്റുമുട്ടലില്‍ ഒന്നാംനിര നേതാക്കളെ പൂര്‍ണമായും നഷ്ടപ്പെട്ട ഹമാസ്, രണ്ടാംനിരയുടെ നേതൃത്വത്തിലാണ് പിടിച്ചു നില്‍ക്കുന്നത്. എങ്കിലും സമാധാനത്തിന്റെ പാതയിലേക്ക് വരാനോ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനോട് സഹകരിക്കാനോ കൂട്ടാക്കാത്ത അവര്‍ പോരാട്ടത്തിന്റെ പാതയില്‍ത്തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ്, ഹമാസ് ഭീകരരോട് രാജ്യം വിട്ടുപോകാന്‍ ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക നേരത്തെതന്നെ ഖത്തറിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത് ഒന്നുകൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഹമാസിനെ അമേരിക്കയില്‍നിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം രാഷ്ട്രം എന്നത് മാത്രമല്ല. ഹമാസനുകൂല നിലപാട് എടുത്തിരുന്ന രാജ്യമാണ് ഖത്തര്‍. വര്‍ഷങ്ങളായി ഹമാസിന്റെ മുഖ്യ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഖത്തറിന്റെ മണ്ണിലാണ്. ഒഴിഞ്ഞു പോകാന്‍ പറയുന്നതിന് അര്‍ത്ഥം ഹമാസിനു അവരുടെ ആസ്ഥാനം നഷ്ടമാകുന്നു എന്നാണ്.
ഖത്തര്‍ ഹമാസിനെതിരായ നിലപാടെടുക്കുന്നത് തീര്‍ച്ചയായും ലോകം ശ്രദ്ധിക്കും. മുസ്ലിം രാജ്യങ്ങള്‍ എന്നും ഒരുമിച്ചു തന്നെ നില്ക്കുന്ന രീതിയാണ് കണ്ടുവരാറുള്ളത്. അതാണ് അവരുടെ ഏറ്റവും വലിയ ശക്തിയായി ഉയര്‍ത്തി കാണിക്കാറുള്ളതും. അതില്‍ നിന്നുള്ള ഈ വ്യതിചലനം ഹമാസിനു മാത്രമല്ല, ഇസ്ലാം ലോകത്തിനു തന്നെയുള്ള ഓര്‍മപ്പെടുത്തലായി കാണാം. ഇസ്ലാമിന്റെ പേരില്‍ എന്തിനും ഏതിനും തുനിഞ്ഞിറങ്ങിയാല്‍ കൂടെ നില്ക്കാന് മറ്റുള്ളവര്‍ ബാധ്യസ്ഥരായെന്നു വരില്ല എന്ന സൂചന അതില്‍ വായിക്കാം. ഗാസയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ അമേരിക്കയ്ക്കും ഈജിപ്തിനും ഒപ്പം ഖത്തറുമുണ്ട്. ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളുകയും ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ഹമാസിനെ പുറത്താക്കാന്‍ ഖത്തറിനോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇനി ഈ നടപടിയെ പിന്തുടരാന് കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടു വന്നേക്കാം.
ഫലത്തില്‍, ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കും കൂടിയുള്ള മറുപടിയും മുന്നറിയിപ്പുമാണ് ഖത്തറിന്റെ നടപടി. മുസ്ലിം പ്രീണനത്തിന്റെ പേരില്‍ അന്ധമായി ഹമാസിനുവേണ്ടി വാദിക്കുന്നവര്‍, അന്താരാഷ്ട്ര ഭീകര പ്രവര്‍ത്തനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇസ്ലാം രാഷ്ട്രങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത ഈ ഭീകരവാദത്തെ ഇവിടുത്തെ മാധ്യമ സമൂഹവും പ്രതിപക്ഷവും എന്നാണാവോ തിരിച്ചറിയുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: