കൊച്ചി: വഖഫ് കരിനിയമം റദ്ദാക്കുക, വഖഫ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി നടത്തിയ ഭൂസംരക്ഷണ സമ്മേളനത്തില്‍ പ്രതിഷേധമിരമ്പി. ഹിന്ദുഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറായി ദേവസ്വം നടയില്‍ സംഘടിപ്പിച്ച സമ്മേളനം മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മുനമ്പത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു.
കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം വരുമ്പോള്‍ മുനമ്പം സമരത്തിന്റെ ഭാവവും തീവ്രതയും മാറുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഒരുപിടി വോട്ടിന് വേണ്ടി നിലവില്‍ ചെയ്യുന്ന ഈ പാദസേവ നിര്‍ത്തണം. വഖഫ് ബോര്‍ഡിന്റെയും ഇസ്ലാമിക മതനേതൃത്വത്തിന്റെയും ഷൂ നക്കുകയാണ് ചിലര്‍. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും. എന്നാല്‍ ഞങ്ങള്‍ മതമൗലിക വാദത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ തയാറല്ല, ടീച്ചര്‍ തുടര്‍ന്നു.
മുനമ്പത്ത് നിന്നെല്ല സംസ്ഥാനത്ത് ഒരിടത്തും സ്വന്തം ഭൂമിയില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ അനുവദിക്കില്ല. ഈ പ്രശ്നം പരിഹരിച്ച് മറ്റൊരിടത്ത് സ്ഥലം നല്‍കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഒരു തരി മണ്ണ് ഈ പേരില്‍ വഖഫ് ബോര്‍ഡിന് പതിച്ച് നല്കാന് അനുവദിക്കില്ല. നിയമത്തിന്റെ പേരില്‍ ഒരു രേഖകളുമില്ലാതെ വാമൊഴിയുടെ പേരില്‍ പോലും ഭൂമി പിടിച്ചെടുക്കാനാണ് വഖഫ് ബോര്‍ഡ് ശ്രമിക്കുന്നത്. മുസ്ലീങ്ങളടക്കം വഖഫിന്റെ വലയത്തില്പ്പെട്ടിട്ടുണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു മുഖ്യപ്രഭാഷണവും സെക്രട്ടറി എം.സി. സാബുശാന്തി ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു, പ്രകാശന് തുണ്ടത്തുപറമ്പ്, സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ്, വൈസ് പ്രസിഡന്റുമാരായ ക്യാപ്റ്റന്‍ കെ. സുന്ദരം, കെ.വി, ശിവന്, മഹിളാ ഐക്യവേദി സംസ്ഥാന സമിതിയംഗം യമുന വത്സന് തുടങ്ങിയവര്‍ സംസാരിച്ചു.
മുനമ്പം വേളാങ്കണ്ണിമാതാ പള്ളി അങ്കണത്തിലെ സത്യഗ്രഹ പന്തലിലും ശശികല ടീച്ചറെത്തി. മുനമ്പത്തുകാരുടെ അവകാശ സംരക്ഷിക്കുന്നതിന് ഹിന്ദുഐക്യവേദി ഒപ്പമുണ്ടാകുമെന്ന് ടീച്ചര്‍ പറഞ്ഞു. സ്ഥിരമായ, പൂര്‍ണ്ണമായ അവകാശമാണ് ഇവിടെ ഭൂമിയുടെ പേരില്‍ വേണ്ടത്, തല്ക്കാലം പ്രശ്നം പരിഹരിച്ചാല്‍ നാളെ വീണ്ടും ഇത് ചോദ്യം ചെയ്യപ്പെടും. അന്യായമായി ആരുടെ ഭൂമിയിലും അവകാശവാദം ഉന്നയിക്കാം എന്ന അവസ്ഥമാറണമെന്നും സത്യഗ്രഹസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ടീച്ചര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: