നിരന്തരം തന്റെ ഉറക്കം കെടുത്തുന്ന വിചിത്ര സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നവ്യ നായര്‍. ചെറുപ്പം മുതലെ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതില്‍ കൂടുതലും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെന്നും അതിനാല്‍ പലപ്പോഴും ശരിയായി ഉറങ്ങാന്‍ കഴിയാറില്ലെന്നും നവ്യ പറഞ്ഞു.
‘പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ് പലപ്പോഴും ഉറങ്ങുക. ചിലപ്പോള്‍ ഞെട്ടി ഉണരും. മുഖം കഴുകി വീണ്ടും കിടന്നാല്‍ ചിലപ്പോള്‍ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം, പിന്നെ ഉറങ്ങില്ല. വെളുപ്പിന് രണ്ടു മണിക്കാണ് ഇങ്ങനെ എഴുന്നേല്‍ക്കുന്നതെങ്കില്‍ ഞാന്‍ പിന്നെ ഉണര്‍ന്നു തന്നെ ഇരിക്കും. എന്തെങ്കിലും വായിച്ചോ അല്ലെങ്കില്‍ മൊബൈലില്‍ എന്തെങ്കിലും കണ്ടോ സമയം കളയും.’
‘ഉറക്കത്തില്‍ കാണാറുള്ളത് പലതും വിചിത്ര സ്വപ്നങ്ങളാണ്. ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കല്പിക ലോകത്ത് ഞാന്‍ അകപ്പെട്ടിരിക്കുകയാണ്. ഞാന്‍, അമ്മ, അച്ഛന്, പിന്നെ ലാലേട്ടന്, പൃഥ്വിരാജ്, ക്യാമറമാന് പി.സുകുമാര്‍ എന്നിവരൊക്കെയുണ്ട് അവിടെ. ഒരു പ്രത്യേകതരം ജീവിയുണ്ട് അവിടെ. കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവന്‍ കുമിളകളുള്ള ജീവിയാണ്.’
‘അതു വായ തുറക്കുമ്പോള്‍ ത്രികോണ ആകൃതിയില്‍ പല്ലു കാണാം. കണ്ടാല്‍ പിശാചിനെ പോലെ തോന്നും. ഈ ഡെവിള്‍ എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ സുകുവേട്ടന് (പി.സുകുമാര്‍), രാജു ചേട്ടന് (പൃഥ്വിരാജ്), ലാലേട്ടന് (മോഹന്‍ലാല്‍) എന്നിവരൊക്കെ വരും. പറയുമ്പോള്‍ കോമഡിയാണ്. പക്ഷേ, സ്വപ്നത്തില്‍ കാണുമ്പോള്‍ പേടി തോന്നും’ നവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: