പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നിന്റേതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനെ(26)യാണ് തൂക്കിക്കൊല്ലൻ വിധിച്ചത്. ക്രൂരമായ ലെെംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി.
നേരത്തെ, കേസിൽ അലക്സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാർ ജോൺ കണ്ടെത്തിയിരുന്നു. പത്തനംതിട്ട കുമ്പഴയിൽ 2021 ഏപ്രിലിലാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ കത്തികൊണ്ടുള്ള 66 മുറിവുകളുണ്ടായിരുന്നു. തുടർച്ചയായ മർദ്ദനവും നെഞ്ചിനേറ്റ ക്ഷതവുമാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അഞ്ചുവയസുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ ചലനമറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. പത്തനംതിട്ട ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ അന്നത്തെ എസ്.എച്ച്.ഒ. ബിനീഷ് ലാൽ ആണ് കേസ് അന്വേഷിച്ച് 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമർപ്പിച്ചു.
രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. പരിക്കേറ്റ കുട്ടി ഏതാനും നാൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടുത്തെ ഡോക്ടർ ഉൾപ്പെടെ 41 പേർ കേസിൽ സാക്ഷികളായി മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: