ടെല്‍ അവീവ്: സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ലോകത്തെ തന്നെയും ഹിസ്ബുള്ളയെയും ഞെട്ടിച്ച ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്ഫോടനത്തില്‍ 40 പേര് മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.
പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: