ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് സ്ഥാനമേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കുന്നത്. 51-ാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ഇന്ന് രാവിലെ പത്തിന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും.
ജസ്റ്റിസ് ഖന്നയ്ക്ക് ആറ് മാസമാണ് കാലാവധി. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽ ഹിന്ദി ലക്ചറർ ആയിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്നയുടെ ജനനം.
ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി. 2019 ജനുവരി 18-നാണ് സുപ്രീംകോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: