കൊച്ചി: പതിവു തെറ്റാതെ പാലക്കാട് എച്ച്.എസ്. പറളിയുടെ എം. ജ്യോതിക മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വര്‍ണം നേടി. ഇന്നലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നേടിയ സ്വര്‍ണത്തോടെ ഇക്കൊല്ലത്തെ മീറ്റില്‍ തിളക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. ഈ മേളയുടെ അത്ലറ്റിക്സ് ആരംഭിച്ച വ്യാഴാഴ്ച്ച 400 മീറ്ററില്‍ ജ്യോതിക സ്വര്‍ണം നേടിയിരുന്നു.
ഇന്നലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു മിനിറ്റ് 02.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിക പൊന്നണിഞ്ഞത്. കഴിഞ്ഞ സ്കൂള്‍ കായികമേളയിലെ വ്യക്തിഗത ചാമ്പ്യനായ ജ്യോതിക ആറു വര്‍ഷമായുള്ള ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൊണ്ടാണ് നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. കല്ലേക്കാട് സ്വദേശി ജി. മണികണ്ഠന്റെയും പി.ആര്. സജിതയുടെയും മകളാണ്. പറളി സ്കൂളിലെ അധ്യാപകനായ പി.ജി. മനോജിന് കീഴിലാണ് ജ്യോതികയുടെ പരിശീലനം.
മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനായി മൂന്നു സ്വര്‍ണവും, കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും ജ്യോതിക നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: