എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ എരുമേലിയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ നേരിടുന്ന കടുത്ത ചൂഷണത്തിനും അവഗണനക്കുമെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ ഹൈന്ദവ സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ പ്രതിഷേധ നാമജപയാത്ര സംഘടിപ്പിച്ചു.
പേട്ട ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ നാമജപ യാത്ര മാര്‍ഗ ദര്‍ശക് മണ്ഡല് സംസ്ഥാന സംഘടന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ ഉദ്ഘാടന പ്രഭാഷണതോടെ ആരംഭിച്ചു.
തീര്‍ത്ഥാടന കാലത്ത് അയ്യപ്പന്മാരെ അപമാനിക്കുന്ന ഭരണകൂടമല്ല മറിച്ച് സേവിക്കുന്ന ഭരണകൂടം ആണ് വേണ്ടതെന്നു സ്വാമി ആവശ്യപ്പെട്ടു. നൂറുകണക്കിന് അയ്യപ്പഭക്തര്‍ അണിനിരന്ന പ്രതിഷേധ നാമജപയാത്ര എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശ്രീധര്‍മ്മ ശാസ്താ ഗോപുരത്തിങ്കല്‍ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.
മതസൗഹാര്‍ദത്തിന്റെ പേരില്‍ അയ്യപ്പ ഭക്തന്മാരെ ചൂഷണം ചെയ്യാനുള്ള അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും ആചാരപരമായി നടത്തുന്ന പേട്ടതുള്ളല്‍ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം ഇവിടുത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കോ കച്ചവടക്കാര്‍ക്കോ അല്ലെന്നും അതു ഹിന്ദു സമൂഹവും ദേവസ്വം ബോര്‍ഡ് കൂടി ചെയ്യേണ്ടതാണെന്നു ടീച്ചര്‍ പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ മാത്രം മതി സ്പോട്ട് ബുക്കിംഗ് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ട് വെര്‍ച്വല്‍ ക്യൂ മാത്രമായപ്പോഴും ഒരു മുന്നൊരുക്കവും പ്ലാനിംഗും ഇല്ല. തുലാം മാസത്തില്‍ നട തുറന്നപ്പോള്‍ അത് കണ്ടതാണെന്നും ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി. അയ്യപ്പന്മാര്ക്ക് കുടിക്കാന്‍ വെളളം പോലുമില്ല. ശരണപാതയില്‍ മല കയറുന്നവര്‍ ക്ഷീണിച്ചാല്‍ അവര്‍ക്ക് പിടിക്കാന്‍ സ്ഥാപിച്ച കൈവരികളിലെല്ലാം തുരുമ്പ് പിടിച്ച് ദ്രവിച്ചിരിക്കുകയാണ്. സന്നിധാനത്ത് എത്തും മുന്‍പ് ടിടി എടുക്കണ്ട സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.
ശരണപാതയിലുടനീളമുളള ക്ഷേത്രങ്ങളില്‍ അരവണയ്ക്ക് വില കൂട്ടി. ഒരു മാനദണ്ഡവുമില്ലാതെയാണ് 20 രൂപ വര്‍ദ്ധിപ്പിച്ചത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും അയ്യപ്പഭക്തരെ പരമാവധി വേട്ടയാടുന്നുണ്ട്. അയ്യപ്പന്മാര് വരുന്നതുകൊണ്ടാണ് കച്ചവടം നടക്കുന്നത്. അല്ലാതെ കച്ചവടം നടക്കാന്‍ വേണ്ടി അയ്യപ്പന്മാര് വരുന്നതല്ല. ഒരു നയാ പൈസ പോലും അയ്യപ്പഭക്തരില്‍ നിന്ന് അധികമായി ഈടാക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
ചൂഷണം പോര, അതിനും അപ്പുറം അവരുടെ ചോര മുഴുവന്‍ നീരാക്കി ഊറ്റിക്കുടിക്കണം എന്ന വാശിയുമായി മുന്നോട്ടുപോയാല്‍ അത്തരം വാണിജ്യ തന്ത്രവുമായി അയ്യപ്പഭക്തരെ വേട്ടയാടാന്‍ തുടങ്ങിയാല്‍ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നും ശശികല ടീച്ചര്‍ മുന്നറിയിപ്പ് നല്കി.
പാര്‍ക്കിങ് ഗ്രൗണ്ടുകളിലെയും ശൗചാലയങ്ങളുടെയും വില ഏകീകരിക്കുക, ആചാരപരമായ പേട്ട തുള്ളലിന് ഉപയോഗിക്കുന്ന വഴിപാട് സാധനങ്ങളുടെ ന്യായമായ വില നിശ്ചയിച്ച നടപ്പിലാക്കുക, അയ്യപ്പന്മാര്ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, തുടങ്ങി ആവശ്യങ്ങള്‍ കര്‍മ്മസമിതി ഭരവാഹികള്‍ മുന്നോട്ട് വെച്ചു. നടപ്പായില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ നടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കും ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു, അയ്യപ്പ സേവാ സമാജം സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറി അഡ്വ.ജയന് ചെറുവള്ളി, ശബരിമല കര്‍മ്മസമിതി പ്രസിഡന്റ് എന്‍.ആര്. േവലുകുട്ടി, ജനറല്‍ സെക്രട്ടറി എസ്. മനോജ്, ജോയിന്റ് സെക്രട്ടറി പി.എം. അനന്തു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: