കൊച്ചി: മുനമ്പത്തെ ജനതയുടെ അതിജീവനത്തിനായുള്ള സമരത്തെ സംസ്ഥാനത്തെ ന്യൂനപക്ഷ കാര്യമന്ത്രി തന്നെ വര്‍ഗീയ നിറം നല്കി ആക്ഷേപിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറിയും പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി. കൃഷ്ണകുമാര്‍.
വഖഫ് അധിനിവേശത്തിനെതിരായി മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തുന്ന റിലെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുതലമുറകളായി ജീവിച്ചു വന്ന സ്ഥലത്തു നിന്ന് കുടിയിറക്കപ്പെടേണ്ടി വരുന്ന ദുരവസ്ഥക്കെതിരായാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള പാവപ്പെട്ടവര്‍ സമരം നടത്തുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി നീതി നിഷേധിക്കപ്പെട്ടവര്‍ നടത്തുന്ന സമരമാണിത്. വഖഫ് നിയമത്തിന്റെ ഭീകരത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുനമ്പം സമരത്തിന് കഴിഞ്ഞു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഈ സമരത്തെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ കേരളത്തിലെ ഇടതു- വലതു മുന്നണികള്‍ തയാറായില്ലെന്നു മാത്രമല്ല, വഖഫ് നിയമ ഭേദഗതിക്കെതിരെ ഐക്യകണ്ഠേന നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു അദ്ദേഹം സൂചിപ്പിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി ജില്ലാ ജന. സെക്രട്ടറി എസ്. സജി. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. പുരുഷോത്തമന്, മണ്ഡലം പ്രസിഡന്റ് വി.എം. വിനില്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: