ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ 40 പവനും ഒരു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആറ്റിങ്ങല്‍ പാലസ് റോഡില്‍ കെഎസ്ആര്‍ടിസി റിട്ട. എടിഒ പത്മനാഭറാവുവിന്റെ വീട്ടില്‍ നിന്നാണ് 40 പവനും ഒരു ലക്ഷത്തിലധികം രൂപയും കഴിഞ്ഞ ദിവസം കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ച ശേഷം രണ്ട് കിടക്കമുറികളിലെ അലമാരകളില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. അലമാരയുടെ താക്കോല്‍ അലമാരയില്‍ തന്നെ സൂക്ഷിച്ചിരുന്നു. സദാ തിരക്കേറിയ പാലസ് റോഡില്‍ നിരവധി കടകള്‍ ഈ മേഖലയിലുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണസംഘത്തില്‍ രണ്ട് പേര് ഉള്ളതായി പോലീസ് വിലയിരുത്തുന്നു. ഒരു വിവാഹ ആവശ്യത്തിന് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ അടുത്ത് വീണ്ടും ഒരു ചടങ്ങ് കൂടി ഉണ്ടായിരുന്നതിനാല്‍ വീണ്ടും ലോക്കറില്‍ വെച്ചില്ല. പത്മനാഭറാവു കൂടി ഭാരവാഹിയായ തുളു ബ്രാഹ്മണസഭയുടെ കെട്ടിടനിര്‍മാണത്തിന് നല്കാന് വേണ്ടി കരുതിവച്ചതാണ് പണം.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് ഒരു മരണാനന്തര ചടങ്ങിന് പോയി വൈകിട്ട് അഞ്ചരയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട് തുറന്ന് കിടക്കുന്നതു കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നായ വീടിന് പിന്നിലെ ഇടവഴിയിലൂടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ വശങ്ങളിലൂടെ ദേശീയപാതയില്‍ എത്തുകയായിരുന്നു. വിരലടയാള വിദഗ്ധരുള്പ്പെടെയുള്ളവരെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലും സമാനരീതിയില്‍ ആറ്റിങ്ങലില്‍ മോഷണം നടന്നിരുന്നു. ആറ്റിങ്ങല്‍ വലിയകുന്ന് കോസ്മോ ഗാര്‍ഡനില്‍ ദന്തല്‍ സര്‍ജനായ ഡോ. അരുണ്‍ ശ്രീനിവാസിന്റെ വീട്ടിലാണ് സമാനമായ കവര്‍ച്ച നടന്നത്. 50 പവനും 4.5 ലക്ഷം രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്. രാജസ്ഥാന് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുക്കാനോ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വീട് കുത്തിത്തുറന്ന് നടക്കുന്ന മോഷണങ്ങളില്‍ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: