പെരുമ്പാവൂര്‍: പ്രകൃതിയോട് ചേര്‍ന്ന് വളരുന്ന വിദ്യാര്‍ത്ഥികളാണ് ഭാവി തലമുറയുടെ പ്രതീക്ഷയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള് പറഞ്ഞു. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന സുഗത സൂക്ഷ്മവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്തകവി കബീര്‍ ദാസിന്റെ വരികള്‍ ഉദ്ധരിച്ചാണ് കേന്ദ്രമന്തി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ കബീര്‍ ദാസാണ് സുഗതകുമാരി. ഇരുവരും കവിതയിലൂടെ പ്രകൃതിയെ അറിയാന്‍ ശ്രമിച്ചവരാണ്. പ്രകൃതിക്ക് വേണ്ടി അഹോരാത്രം പോരാടിയ മഹത്വനിതയാണ് സുഗതകുമാരി. അവരുടെ പേരില്‍ പുതിയ തലമുറക്ക് പ്രകൃതിയെ സ്നേഹിക്കുകയെന്ന മഹത്തായ സന്ദേശം പകര്‍ന്ന് നല്കുന്ന പദ്ധതിയാണ് സുഗത സൂഷ്മ വനം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതാപനം യാഥാര്‍ത്ഥ്യമായിരിക്കെ അതിന്റെ തീവ്രത കുറയ്ക്കാന്‍ ഇന്ന് നടുന്ന ഓരോ വൃക്ഷത്തൈകള്‍ക്കും സാധിക്കും. പ്രകൃതിക്കും കവിതക്കും ഭാഷയില്ല. അതിന്റെ താളം പക്ഷികള്‍ വരെ സ്വായത്തമാക്കിയിട്ടുണ്ട്. പ്രകൃതിയുടെ താളം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മളിലാണ്. ഈ താളം അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്കുന്നതാവണം വിദ്യാഭ്യാസം, ഭൂമി ആകാശത്ത് വരച്ചിട്ട കവിതയാണ് മരങ്ങളെന്നും കേന്ദ്രമന്ത്രി തുടര്‍ന്നു.
ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചടങ്ങില്‍ അധ്യക്ഷനായി. മിസോറാം മുന്‍ ഗവര്‍ണറും സുഗതനവതി ആഘോഷസമിതി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് ആമുഖ പ്രസംഗം നടത്തി. പ്രഗതി അക്കാദമി എംഡി ഡോ. ഇന്ദിര രാജന്, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, നഗരസഭ ചെയര്മാന് പോള്‍ പാത്തിക്കല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സുചിത്ര ഷിജിന്ത്, സമിതി ജനറല്‍ കണ്‍വീനര്‍ ബി. പ്രകാശ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വനിതകള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരെ വൃക്ഷത്തൈ നല്കി ആദരിച്ചു. കേന്ദ്രമന്ത്രി തെളിയിച്ച ദീപത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ 90 മണ്‍ചെരാതുകള്‍ തെളിയിച്ചു. തുടര്‍ന്ന് 90 വൃക്ഷത്തൈകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ പലയിടത്തായി നട്ടു. പുരാണങ്ങളിലെ പാരിജാതം മുതല്‍ ബൈബിളിലെ അത്തിവൃക്ഷം വരെയുള്ള 90 ഓളം മരങ്ങളാണ് സ്കൂള്‍ വളപ്പിലെ രണ്ട് സെന്റില്‍ നട്ടു പരിപാലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: