കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമ നിർമാണ ശുപാർശ മുൻനിർത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. കോടതിയെ സഹായിക്കുന്നതിനായി അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. റിപ്പോർട്ട്, നിർദേശം,കരട് നിയമം എന്നിവ ശേഖരിച്ച് ഏകോപിപ്പിക്കുന്നതിനായാണ് ഈ നടപടി.
നിലവിൽ 26 കേസുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ളത്. ഇതിൽ 18 കേസുകളിൽ മൊഴി നൽകിയവർ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് 5 പേരും മൊഴി നൽകിയതായി ഓർക്കുന്നില്ലെന്ന് മൂന്നു പേരും പ്രതികരിച്ചതായും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.
അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ പ്രത്യക അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചു. ഈ മാസം 21ന് വീണ്ടും വാദം കേൾക്കും. ഡിസംബർ 31നകം നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. കൾച്ചറൽ അക്കാദമി ഫോർ പീസ് എന്ന സംഘടന കക്ഷി ചേരാൻ നൽകിയ അപേക്ഷയും ഡിവിഷൻ ബഞ്ച് അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: