ന്യൂദൽഹി: രാജ്യത്തെ വീരന്മാരോടുള്ള നന്ദി ആവർത്തിച്ച് ഉറപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് വിമുക്തഭടന്മാർക്കായി നടപ്പാക്കിയ ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി ആവിഷ്കരിച്ചതിന്റെ പത്താം വാർഷികത്തിലാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ വാഗ്ദാനമായിരുന്നു ഈ പദ്ധതി. 2014 ജൂലൈ 1 മുതൽ അതിന്റെ ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് 2015 നവംബർ 7 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ലക്ഷക്കണക്കിന് പെൻഷൻകാരും അവരുടെ കുടുംബങ്ങളും ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്നുണ്ട്. നമ്മുടെ സായുധ സേനയുടെ ക്ഷേമത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ സേവിക്കുന്നവരുടെ ക്ഷേമത്തിനും സാധ്യമായതെല്ലാം തന്റെ സർക്കാർ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഭടന്മാരുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പദ്ധതിയെ അഭിനന്ദിച്ചു. സായുധ സേനയോടുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. സൈനികരെയും കുടുംബങ്ങളെയും പരിപാലിക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതിയിലൂടെ 25 ലക്ഷത്തിലേറെ മുന്‍സൈനികര്‍ക്ക് പ്രയോജനം ലഭിച്ചെന്നും സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: