കാഠ്മണ്ഡു : ജനപ്രിയ ഷോർട്ട്-വീഡിയോ ആപ്പ് ആയ ടിക് ടോക്ക് നേപ്പാളിൽ രജിസ്റ്റർ ചെയ്തതായി സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ കഴിഞ്ഞയാഴ്ച ടിക് ടോക്ക് രജിസ്റ്റർ ചെയ്തുവെന്നും ചൊവ്വാഴ്ച രജിസ്ട്രേഷന്റെ സർട്ടിഫിക്കേഷൻ നൽകിയെന്നും മന്ത്രാലയ വക്താവ് ഗജേന്ദ്ര താക്കൂർ പറഞ്ഞു.
2023 നവംബറിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം ഇതോടെ നീങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വൈബർ, വീ ചാറ്റ് എന്നീ ആപ്പുകൾക്ക് ശേഷം രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ സോഷ്യൽ മീഡിയ ആപ്പാണ് ടിക് ടോക്ക് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ പ്രകാരം സോഷ്യൽ മീഡിയ സൈറ്റുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും നേപ്പാളിൽ ലെയ്സൺ ഓഫീസുകൾ സ്ഥാപിക്കുകയും വേണം. ഈ വർഷം ഓഗസ്റ്റ് അവസാനത്തിൽ കാബിനറ്റ് തീരുമാനമെടുത്തതിന് തുടർന്ന് ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കാൻ നേപ്പാളിലെ ഇൻ്റർനെറ്റ് മൊബൈൽ സേവന ദാതാക്കളോട് മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
സാമൂഹിക ഐക്യം തകർക്കും എന്ന ആശങ്കകൾ കാരണമാണ് ടിക് ടോക്കിന് കഴിഞ്ഞ വർഷം നവംബർ 12 ന് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: