മെറ്റയുടെ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും അല്ല. നിരന്തര ആശയവിനിമയത്തിനുള്‍പ്പെടെ മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ വാട്സ്ആപ്പ് ഇന്ന് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. വാട്സ്ആപ്പ് മുഖേന നിരവധി ചിത്രങ്ങളാണ് ദിവസവും പങ്കുവയ്ക്കപ്പെടാറുള്ളത്. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ വാസ്തവം മനസിലാക്കാന്‍ നമുക്ക് മുന്നില്‍ വഴികള്‍ അധികമില്ലായിരുന്നു. ഇത് വാട്സ്ആപ്പ് ഫോര്‍വേഡുകളില്‍ വഞ്ചിതരാവുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നതിന് ഇടായ്ക്കി. എന്നാല്‍ ഇപ്പോഴിതാ ഇതിനൊരു പരിഹാരമായാണ് മെറ്റ എത്തിയിരിക്കുന്നത്.
പുത്തന്‍ ഫീച്ചര്‍ എത്തുന്നതോടെ വാട്സ്ആപ്പില്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഫോട്ടോകള്‍ സത്യമാണോ എന്ന് ഇനി എളുപ്പം തിരിച്ചറിയാനാകും. വാട്സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചറിന്റെ പേര്.
വാട്സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന് വഴി ഗൂഗിളിന് റിവേഴ്സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്. വാട്സ്ആപ്പില്‍ ലഭിക്കുന്ന ചിത്രം ഡൗണ്‍ലോഡ് ചെയ്ത ശേഷം ബ്രൗസറില്‍ കയറി ഗൂഗിള്‍ ഇമേജസില്‍ അപ്ലോഡ് ചെയ്യാതെ തന്നെ നേരിട്ട് റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്താമെന്നതാണ് സെര്‍ച്ച് ഓണ്‍ വെബ് ഫീച്ചറിന്റെ ഏറ്റവും വലിയ സവിശേഷത. ഇതോടെ വാട്സ്ആപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് സെര്‍ച്ചിംഗ് അനായാസമാകും. വാട്സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. വാട്സ്ആപ്പ് ചിത്രങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കൂട്ടാന്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഫീച്ചറിനാകും. വാട്സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന് വൈകാതെ പ്രത്യക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: