ന്യൂദല്‍ഹി: കേരളത്തിലെ ആര്‍എസ്എസിന്റെയും ബിജെപിയുടേയും വളര്‍ച്ചയില്‍ ആശങ്കപ്പെട്ട് സിപിഎം. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവുന്നതായും ഏഴു ശതമാനം വോട്ട് നഷ്ടമായതായും സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്‌ട്രീയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ വോട്ട് ചോര്‍ച്ചയാണ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത്. കേരള സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം. കേരളത്തിലും രാജ്യമാകെയും ആര്‍എസ്എസും ബിജെപിയും നടത്തുന്ന മുന്നേറ്റങ്ങളെ ശക്തമായി ചെറുക്കേണ്ടതുണ്ട്. ഡിഎംകെ പോലുള്ള പ്രാദേശിക കക്ഷികളുമായുള്ള രാഷ്‌ട്രീയ സഖ്യങ്ങള്‍ ഇതിനായി ഉപയോഗിക്കണം. ബംഗാളിലും ത്രിപുരയിലും ബിജെപി നടത്തിയ മുന്നേറ്റത്തിന് സമാനമല്ലെങ്കിലും വലിയ മുന്നേറ്റമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍കൈ എടുത്ത് കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ ഉണ്ടാക്കിയ രാഷ്‌ട്രീയ സഖ്യത്തില്‍ നിന്ന് സിപിഎം പതിയെ പിന്നോട്ട് പോകുന്നതിന്റെ സൂചനകളും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനൊപ്പം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കേരളത്തില്‍ സിപിഎമ്മിന്റെ വോട്ട് ചോര്‍ച്ചയ്‌ക്കും ബിജെപിയുടെ വളര്‍ച്ചയ്‌ക്കും വഴിയൊരുക്കുന്നതെന്ന വിലയിരുത്തലിലാണിത്. ഇന്‍ഡി മുന്നണിയുടെ ഭാഗമായി പാര്‍ലമെന്റിലും തെരഞ്ഞെടുപ്പുകളിലും നില്‍ക്കാമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. ദേശീയതലത്തില്‍ ഇന്‍ഡി സഖ്യമുണ്ടെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാവില്ല. കോണ്‍ഗ്രസിന്റെ നവ ലിബറല്‍ നയങ്ങളെ തുറന്നുകാട്ടണമെന്നും കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: