ബംഗ്ലാദേശില ഹിന്ദു വേട്ടക്കെതിരെ നിലപാടെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ജീവനും കയ്യിലേന്തിയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഭാരതവും നേപ്പാളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ളത് ബംഗ്ലാദേശിലാണ്. ആകെയുള്ള 64 ജില്ലകളില്‍ 61ലും രണ്ടാമത്തെ ജനസംഖ്യ ഹിന്ദുവിന്റേതാണ്.
1901 ലെ സെന്‍സസില്‍ 33 ശതമാനം ഹിന്ദുക്കളാണ് പഴയ കിഴക്കന്‍ പാകിസ്ഥാനിലുണ്ടായിരുന്നത്. 2022 സെന്‍സസില്‍ അത് 7.95 ശതമാനം മാത്രമായി. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് 2022ല്‍ പ്രഖ്യാപിച്ചതാണ്. അതൊക്കെ ജലരേഖയായി. പടിഞ്ഞാറന്‍ ബംഗാളിലേക്കും അസമിലേക്കും ത്രിപുരയിലേക്കും കുടിയേറിയതുമൂലം ഹിന്ദു ജനസംഖ്യ നന്നേ കുറഞ്ഞു. 65 ലെ യുദ്ധത്തിനുശേഷം ഹിന്ദുക്കളെ ശത്രുവായി മുദ്രകുത്തി വേട്ടയാടല്‍ തുടര്‍ന്നു. സ്വത്തുക്കള്‍ തട്ടിയെടുത്തു. 2011 ലെ സെന്‍സസ് പ്രകാരം 8.5 ശതമാനമായി ഹിന്ദുക്കളുടെ ജനസംഖ്യ താണു.
ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലികള്‍ നടക്കുകയാണ്. ഹിന്ദുസമൂഹത്തിനും നേതാക്കള്‍ക്കും എതിരായ അക്രമങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും രാജ്യദ്രോഹ കേസുകള്‍ക്കും മറുപടിയായാണ് ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ നഗരമായ ചതോഗ്രാമില് ആയിരക്കണക്കിന് വരുന്ന ഹിന്ദുക്കള്‍ സംഘടിച്ച് നിരത്തിലിറങ്ങിയത്. ബംഗ്ലാദേശിലെ വിവിധ കേന്ദ്രങ്ങളില്‍ സമാന രീതിയില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറുകയാണ്.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഒത്താശയോടെ ഹിന്ദു, ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെ തുടരുന്ന ആക്രമണങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും ഹിന്ദുനേതാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. പോലീസും സൈനികരും റാലിയെ നേരിടാന്‍ നിലയുറപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മതേതര സര്‍ക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് അരങ്ങേറിയതെന്ന് ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്ത് നാല് മുതല്‍ ഇതുവരെ ഇത്തരത്തില്‍ രണ്ടായിരത്തിലേറെ ആക്രമണങ്ങളുണ്ടായി. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉദ്യോഗസ്ഥരടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടക്കാല സര്‍ക്കാര്‍ തങ്ങളെ വേണ്ടത്ര സംരക്ഷിച്ചിട്ടില്ലെന്നും ഹസീനയെ പുറത്താക്കിയതിന് ശേഷം ഇസ്ലാമിസ്റ്റുകള്‍ നിയമം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും അപലപിച്ചിരുന്നു. ബംഗ്ലാദേശില്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരമായ അക്രമങ്ങളെ ട്രംപ് ശക്തമായി അപലപിക്കുകയുണ്ടായി. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് രക്ഷയാകുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്കും ഹിന്ദു വേട്ടയ്ക്കുമെതിരെയുള്ള നിലപാട് എന്ത് എന്ന ചോദ്യവും പ്രസക്തമാണ്. ഇപ്പോള്‍ കാനഡയിലും അക്രമം തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പിന്തുണയോടെയാണ് കാനഡയില്‍ ഹിന്ദുക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചത്. കനേഡിയന്‍ സര്‍ക്കാരിനെതിരെ ഭാരതം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: