ലക്നൗ : ഇന്ത്യയിലെ ഏറ്റവും വലിയ സനാതന മേളയായ പ്രയാഗ് രാജ് കുംഭമേളയിലൂടെ യുപിയിൽ ഉണ്ടാകുന്നത് അരലക്ഷം തൊഴിലവസരങ്ങൾ . വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രധാന മുന്നേറ്റമായി വരാനിരിക്കുന്ന മഹാകുംഭമേള മാറുമെന്നാണ് സൂചന . 45,000 ത്തോളം പേർക്കാണ് മഹാകുംഭമേള വഴി തൊഴിൽ ലഭിക്കുക .
ആയിരക്കണക്കിന് കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ടൂറിസം വ്യവസായം, വഴിയോര കച്ചവടം, ഗതാഗത സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രധാന വരുമാന സ്രോതസ്സായി മഹാകുംഭമേള മാറും .
ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളിൽ ഒന്നാണ് മഹാകുംഭമേള. ഈ വർഷം വിദേശത്ത് നിന്നടക്കം 40 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും മികച്ച ഏകോപിത മാനേജ്മെൻ്റ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിനായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി സർക്കാർ.
നൈപുണ്യ വികസനം, ടൂറിസം മാനേജ്മെൻ്റ്, പൊതു സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ വൈദഗ്ധ്യം നൽകാൻ പ്രാദേശിക യുവജനങ്ങൾക്ക് പരിശീലന പരിപാടികളും ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
20,000-ത്തിലധികം തെരുവ് കച്ചവടക്കാർക്ക് ശുചിത്വം, ഉപഭോക്തൃ ഇടപെടൽ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയിൽ പരിശീലനം നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ഹോട്ടലുകൾ, താമസ സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ, ഗതാഗത സേവനങ്ങൾ എന്നിവ നവീകരിക്കുന്നുണ്ട് . അതുവഴി പതിനായിരത്തിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: