കഴക്കൂട്ടം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മാണ കമ്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) പങ്കാളിത്തത്തില്‍. സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹെക്സ്20. ‘നിള’ എന്നാണ് സാറ്റലൈറ്റിന് പേര് നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2025 ഫെബ്രുവരിയില്‍ ട്രാന്സ്പോര്ട്ടര് 13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും.
തിരുവനന്തപുരത്തെ മേനംകുളം മരിയന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ സാറ്റലൈറ്റ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളിനായി ഒരു ഗ്രൗണ്ട് സ്റ്റേഷന് സ്ഥാപിക്കാന്‍ ഹെക്സ്20 പദ്ധതിയിടുന്നു. ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനില്‍ ലഭിക്കും. ഗ്രൗണ്ട് സ്റ്റേഷന് സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതിന് കോളജിലെ ഫാക്കല്‍റ്റി അംഗങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഒരു ടീമിനെ ഹെക്സ്20 പരിശീലിപ്പിക്കും.
തിരുവനന്തപുരത്തിന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥയുണ്ടെന്ന് ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം.ബി. അരവിന്ദ് പറഞ്ഞു. ചെറുകിട ഉപഗ്രഹ വികസനം, സബ്സിസ്റ്റം വികസനം, ഗ്രൗണ്ട് സ്റ്റേഷന് സേവനങ്ങള്‍ എന്നിവയില്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കുന്നതിനായി അക്കാദമിക് സ്ഥാപനങ്ങളുമായി ഹെക്സ്20 ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി (ഐഐഎസ്ടി) സഹകരണത്തിന് സാധ്യമായ മേഖലകളെക്കുറിച്ച് ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
നിള ദൗത്യത്തിനായി ഹെക്സ്20 പേലോഡ് ന്യൂട്രല്‍ പ്ലാറ്റ്ഫോം നിര്‍മിക്കുന്നുണ്ട്. ഹെക്സ്20 തദ്ദേശീയമായി വികസിപ്പിച്ച ഉപസംവിധാനങ്ങളും ജര്‍മന്‍ കമ്പനിയായ ഡിക്യൂബ്ഡിന്റെ ഇന്‍ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡും ദൗത്യത്തില്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ മേഖലയിലെ സാങ്കേതിക കണ്സള്ട്ടേഷനുകളുമായി ബന്ധപ്പെട്ട് കേരള സ്റ്റാര്‍ട്ടപ് മിഷന്, കേരള സ്പേസ് പാര്‍ക്ക്, ഇന്‍ സ്പേസ്, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ഹെക്സ്20 ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി സഹസ്ഥാപകനും ഡയറക്ടറുമായ അനുരാഗ് രഘു പറഞ്ഞു.
അടുത്ത വര്‍ഷം അവസാനത്തോടെ കമ്പനിയുടെ 50 കിലോഗ്രാം ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിയില്‍ വിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബഹിരാകാശവാഹന ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഹെക്സ്20യുടെ ഫഌറ്റ് സാറ്റിലൂടെയും കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകളിലൂടെയും ആഗോളതലത്തില്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പേസ് എക്സിന്റെ പങ്കാളിത്തത്തോടെ ടെക്നോപാര്‍ക്കിലെ ബഹിരാകാശ സാങ്കേതിക വിദ്യ അധിഷ്ഠിത കമ്പനിയായ ഹെക്സ്20 ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നുവെന്നത് അഭിമാനകരമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: