ഡെറാഡൂൺ : ഹരിദ്വാറിലെ ചണ്ഡിഘട്ടിലെ നദീതീരത്ത് ഗംഗാ ഉത്സവത്തിന്റെ എട്ടാമത് പതിപ്പിന് തുടക്കമായി. ഗംഗാ നദി കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി. ആർ പാട്ടീലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
എല്ലാ വർഷവും ഗംഗാ നദീതട സംസ്ഥാനങ്ങളിലെ 139 ജില്ലകളിലുമായിട്ടാണ് പരിപാടി ആഘോഷിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ജില്ലാ ഗംഗ കമ്മിറ്റികൾ പ്രധാന പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതാണ്.
നദിയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യത്തെ ഊന്നിപ്പറയുക, ശുചിത്വത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുക എന്നിവയാണ് ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻഎംസിജി) ആണ് ഗംഗാ ഉത്സവ് 2024 സംഘടിപ്പിക്കുന്നത്.
ഈ രാജ്യത്തെ 600 മില്യൺ ജനങ്ങൾക്ക് ഗംഗയുടെ ഗുണം ലഭിക്കുന്നു. അമ്മയെന്ന നിലയിൽ നദി ബഹുമാനിക്കപ്പെടുന്നുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം പാട്ടീൽ ചടങ്ങിൽ എടുുത്ത് പറഞ്ഞു. നദികളെ അമ്മമാരായി ബഹുമാനിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്നും ഗംഗയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി വിഭാവനം ചെയ്ത മഹത്തായ സംരംഭമാണെന്നും പാട്ടീൽ പറഞ്ഞു.
കൂടാതെ ഗംഗാ വുമൺ റാഫ്റ്റിംഗ് പരിപാടിയും പാട്ടീൽ ഫ്ലാഗ് ഓഫ് ചെയ്തു. 50 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ഗംഗാ നദിക്ക് കുറുകെയുള്ള ഒമ്പത് പ്രധാന നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിച്ച് ഗംഗാ സാഗറിൽ സമാപിക്കും. ഗംഗാ നദീതടത്തിലെ അഞ്ച് പ്രധാന സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളോടൊപ്പം ചരിത്രപരമായ പര്യവേഷണവും നടക്കും.
ഗംഗയുടെ സംരക്ഷണവും വൃത്തിയും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ള ഗംഗാ ഉത്സവം നദീസംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന അതുല്യമായ ഉത്സവമാണെന്ന് ചടങ്ങിൽ സംസാരിച്ച ജലശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി പറഞ്ഞു. നമാമി ഗംഗെ പദ്ധതിയിലൂടെ ബീഹാറിൽ 39 മലിനജല സംസ്‌കരണ പ്ലാൻ്റുകൾക്കായി 7,144 കോടി രൂപ അനുവദിച്ചു. ഇതിനകം 17 എണ്ണം പൂർത്തിയായി. സംരക്ഷണ ശ്രമങ്ങൾ ഗംഗയുടെ പോഷകനദികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി, ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യ, ജലശക്തി മന്ത്രാലയം സെക്രട്ടറി ദേബശ്രീ മുഖർജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: