പാലക്കാട്: വടകരയില്‍ മത്സരിക്കുന്നതിന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ട കൈക്കൂലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍.
കെ.സി. വേണുഗോപാലിന് ആലപ്പുഴയില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഷാഫിയെ വടകരയില്‍ ഇറക്കിയതെന്നും പദ്മജ പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ ഡീലിന്റെ ഭാഗമായാണിപ്പോള്‍ പാലക്കാട് രാഹുലിനെ നിര്‍ത്തിയത്. ഷാഫിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു താത്പര്യം. അതിനായി മുരളീധരനെ ഓടിച്ചുവിട്ടു. തൃശ്ശൂരില്‍ നിര്‍ത്തി ചതിച്ചു.
പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പത്തനംതിട്ടയില്‍ നിന്ന് ആളെ കൊണ്ടുവരേണ്ടതുണ്ടോയെന്നും പദ്മജ ചോദിച്ചു. കെ. മുരളീധരന് സ്വമനസോടെ പ്രചാരണത്തിന് വരുമെന്ന് തോന്നുന്നില്ല. സ്വന്തം അമ്മയെ അപമാനിച്ചയാള്‍ ജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കില്ല. നന്ദികെട്ട കോണ്‍ഗ്രസുകാര്‍ കാരണമാണ് അമ്മ നേരത്തെ മരിച്ചത്. പ്രിയദര്ശന് സിനിമ പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍. കോണ്‍ഗ്രസില്‍ ഓരോരുത്തരും ഒരാള്‍ ഗ്രൂപ്പിലാണെന്ന് രാവിലെ എണീറ്റ് പ്രശ്നം വച്ചുനോക്കിയാല്‍ അറിയാം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പാര്‍ട്ടിയില്‍ ഒരു സ്വാധീനവുമില്ല.
സുധാകരന്റെ ശൗര്യം കണ്ണൂരില്‍ മാത്രമാണ്. കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പുണ്ട്. രാഹുല്‍ മാങ്കൂട്ടം സോഷ്യല്‍ മീഡിയയിലൂടെ വലുതായ ആളാണ്.
സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്തയാളാണ് രാഹുലെന്നും അയാളെ ജയിപ്പിക്കരുതെന്നും പദ്മജ വേണുഗോപാല്‍ തുറന്നടിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണന്, പ്രൊഫ. വി.ടി. രമ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: