റാഞ്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 2026 മാർച്ചോടെ രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സഖ്യം രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാനത്ത് നക്സലിസത്തിന് ഇന്ധനം നൽകിയെന്ന് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങൾ ജാർഖണ്ഡിൽ നിന്ന് നക്സൽ ഭീഷണിയെ പിഴുതെറിഞ്ഞു. ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം 2026 മാർച്ചോടെ ഇന്ത്യയിൽ നിന്ന് നക്സലിസത്തെ പൂർണ്ണമായും തുടച്ചുനീക്കുമെന്നും ഷാ വ്യക്തമാക്കി.
ഇതിനു പുറമെ ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി നക്സലിസത്തിന് ആക്കം കൂട്ടുന്ന ദളിത്, ആദിവാസി, ദരിദ്ര, യുവജന വിരുദ്ധ സർക്കാരിനെ ജാർഖണ്ഡിൽ നിന്ന് പുറത്താക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ 81 നിയമസഭാ സീറ്റുകളിൽ 52ലും ബിജെപി വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ സഖ്യത്തിന് 47 ശതമാനം വോട്ട് നൽകിയതിനാൽ ജാർഖണ്ഡിലെ 81ൽ 52 സീറ്റും എൻഡിഎ നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ പിന്നാക്ക സമുദായങ്ങൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച അദ്ദേഹം ഹേമന്ത് സോറനെ അഴിമതിക്കാരനായ മുഖ്യമന്ത്രി എന്ന് മുദ്രകുത്തുകയും ചെയ്തു.
അതേ സമയം 81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13 നും നവംബർ 20 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: