തൃത്താല: സംസ്ഥാന സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ബജറ്റ് വിഹിതം നല്‍കാതെ ഞെക്കിക്കൊല്ലുന്നതായി പരാതി. സാധാരണ നാലുഗഡുക്കളായാണ് വിഹിതം നല്‍കുക. എന്നാല്‍ കഴിഞ്ഞവര്‍ഷം നാലാം ഗഡുവും ലഭിച്ചില്ല. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാംഗഡു ഏപ്രിലില്‍ അനുവദിച്ചു. എന്നാല്‍ രണ്ടാം ഗഡു ഒക്ടോബര്‍ മാസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല.
അതിനാല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി, ഡയാലിസിസ് രോഗികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം, പാലിയേറ്റീവ് രോഗികള്‍ക്ക് നല്‍കുന്ന സഹായം, ആശുപത്രികളിലേക്ക് മരുന്ന് വാങ്ങല്‍, കര്‍ഷകര്‍ക്കുള്ള ഉഴവുകൂലി ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള പണവും ലഭിച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തടസമാവുകയാണ്.
പരുതൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കായി ഏകദേശം 135 കി.മീ ഓളം റോഡുകള്‍ പൈപ്പ് ഇടുന്നതിനുവേണ്ടി പൊളിച്ചിരിക്കുകയാണ്. ഏകദേശം 15 കോടിയോളം രൂപ ഉണ്ടെങ്കില്‍ മാത്രമാണ് റീസ്റ്റോറേഷന്‍ നടത്തി റോഡുകള്‍ ഗതാഗതയോഗ്യമാവൂ. എന്നാല്‍ ഇത്രയും തുക പഞ്ചായത്ത് ഫണ്ടിലോ പഞ്ചായത്തിന് ലഭിക്കുന്ന തുകയില്‍ നിന്നോ നീക്കി വെക്കാന്‍ കഴിയില്ല. റീസ്റ്റോറേഷന്‍ ചെയ്യുന്നതിന് ആകെ മൂന്നുകോടിയാണ് ലഭിച്ചത്. ഇതില്‍നിന്നും 18 ശതമാനം ജിഎസ്ടി ഒഴിവാക്കിയാല്‍ മാത്രമെ റോഡുകള്‍ക്ക് വിനിയോഗിക്കാന്‍ കഴിയൂ.
ഏകദേശം 25ഓളം റോഡുകളുടെ എസ്റ്റിമേഷന്‍ തയാറാക്കിയ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയെങ്കിലും വര്‍ക്ക് ഓര്‍ഡര്‍ നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതുമൂലം പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജല്‍ജീവന്‍ അനുവദിച്ച തുകക്ക് റീസ്റ്റോറേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ മാത്രമാണ് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ. എന്നാല്‍ ജല്‍ജീവന്‍ വര്‍ക്ക് ആരംഭിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്. തദ്ദേശ ഭരണമന്ത്രിയുടെ മണ്ഡലമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അതിനാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: