ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കാനുള്ള ബിഎസ്എന്‍എലിന്റെ പരിശ്രമം അതിവേഗം ലക്ഷ്യത്തിലേക്ക്. വിദൂര മേഖലകളിലടക്കം ഇതിനകം 50,000ലധികം സ്ഥലങ്ങളില്‍ 4ജി എത്തിയതായും ഇതില്‍ 41,000 സൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതായും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ദ്രുതഗതിയില്‍ 4ജി സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്. ഒരു ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ 24,500 കോടിയുടെ കരാറിലാണ് ബിഎസ്എന്‍എല്‍ ഒപ്പുവച്ചത്.
തേജസ് നെറ്റ്വര്‍ക്ക്സ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്), ഐടിഐ എന്നിവയും ടാറ്റയുടെ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ്. പൂര്‍ണമായും ഭാരത കമ്പനികള്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചതാണ് ബിഎസ്എന്‍എലിന്റെ 4ജി നെറ്റ്വര്‍ക്ക്. ‘പൂര്‍ണ സ്വദേശി’ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഇതെന്നും പുതുയുഗത്തിലേക്കാണ് പ്രവേശിക്കുന്നതെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.
2025 ജൂണിന് മുന്‍പായി രാജ്യത്ത് പൂര്‍ണതോതില്‍ 4ജി സേവനമെത്തിക്കും. തുടര്‍ന്ന് ഒരു മാസത്തിനകം 5ജിയും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: