വാഷിംഗ്ടൺ : ഹിന്ദു സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്.
“എല്ലാവർക്കും ദീപാവലി ആശംസകൾ. വിളക്കുകളുടെ ഉത്സവം തിന്മയുടെ മേൽ നന്മയുടെ വിജയത്തിലേക്ക് നയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”- മുൻ പ്രസിഡൻ്റ് പറഞ്ഞു.
അതേ സമയം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇതിനു പുറമെ തന്റെ ഡെമോക്രാറ്റിക് എതിരാളിയായ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും അവരുടെ തലവൻ പ്രസിഡൻ്റ് ജോ ബൈഡനും അമേരിക്കയിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ ബംഗ്ലാദേശ് ആകെ അരാജകത്വത്തിലാണ് തുടരുന്നതെന്ന് പറഞ്ഞ അദ്ദേഹം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന ക്രൂരമായ അക്രമത്തെ ശക്തമായി അപലപിച്ചു.
ബംഗ്ലാദേശിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നൂറുകണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടു , വിദ്യാർത്ഥികളുടെ പ്രക്ഷോഭം വൻ പ്രതിഷേധമായി മാറിയപ്പോൾ ആഗസ്റ്റ് 5 ന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് പലായനം ചെയ്തു. എന്നാൽ തന്റെ സാന്നിധ്യത്തിലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ട്രംപ് ബംഗ്ലാദേശ് വിഷയത്തിൽ സംസാരിച്ചത്.
കൂടാതെ തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടയ്ക്കെതിരെ തങ്ങൾ ഹിന്ദുക്കളായ അമേരിക്കക്കാരെ സംരക്ഷിക്കും. അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ട്രംപ് പറഞ്ഞു. തന്റെ ഭരണത്തിന് കീഴിൽ ഇന്ത്യയുമായും സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായും മികച്ച പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: