എരുമപ്പെട്ടി: നെല്ലുവായ് പട്ടാമ്പി റോഡിലുള്ള ധന്വന്തരി ആയുര്‍വേദ ഭവന് ആശുപത്രിയുടെ ഔഷധോദ്യാനത്തില്‍ സ്ഥാപിച്ച 24 അടി ഉയരമുള്ള ധന്വന്തരി പ്രതിമയുടെ അനാച്ഛാദനം നവംബര്‍ 10ന് രാവിലെ നടത്തും.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 24 ആയുര്‍വേദ ആചാര്യന്മാര് ചേര്‍ന്ന് ഗംഗ, യമുന, ബ്രഹ്മപുത്ര, ഗോദാവരി, നര്‍മ്മദ, സിന്ധു തുടങ്ങിയ 24 പുണ്യനദികളില്‍ നിന്നുമുള്ള ജലം അഭിഷേകം ചെയ്തിട്ടാണ് പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ആയുര്‍വേദത്തിലും സാംഖ്യ ശാസ്ത്രത്തിലും പ്രതിപാദിക്കുന്ന പ്രപഞ്ചത്തിന്റെ 24 തത്വങ്ങള്‍ ആയ അവ്യക്തം, മഹത്, അഹങ്കാരം,പഞ്ച തന്മാത്രകള്, പഞ്ചഭൂതങ്ങള്‍, ജ്ഞാന- കര്‍മ്മ ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെയും ശരീരത്തിന് ആധാരമായ 24 തത്വങ്ങളെയും പ്രതിനിധാനം ചെയ്താണ് ധന്വന്തരി പ്രതിമയ്ക്ക് 24 അടി ഉയരം നല്‍കിയിരിക്കുന്നത്. പ്രതിമയ്ക്ക് മുന്‍പിലായി അതത് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മണ്ണ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇന്ത്യയുടെ ഭൂപടവും തയ്യാറാക്കുന്നു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് ധന്വന്തരിജയന്തി ദിനം മുതല്‍ തുടര്‍ച്ചയായി 12 ദിവസം ധന്വന്തരി ഹോമവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: