ദീപാവലി – വാമൊഴിയില്‍ ദീവാളി – ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടും വിവിധമതസ്ഥര്‍ സോല്‍സാഹം കൊണ്ടാടുന്ന ഉത്സവങ്ങളില്‍ സുപ്രധാനമാണ്. വിളക്കുകളുടെ നിര (ദീപ + ആവലി) എന്ന നിരുക്തം ഗ്രഹിച്ചവര് പോലും അതിന്റെ ഉള്‍പ്പൊരുള്‍ വേണ്ടുംവിധം ഉള്‍ക്കൊണ്ടു എന്നു തോന്നിക്കാന്‍ തക്കവണ്ണമല്ല പെരുമാറാറ്. വിളക്കിന് നിരയ്ക്കരികില് നിന്ന് ഇരുളെല്ലാം ഓടിയൊളിക്കുന്നു, അതായത് ജ്ഞാനം തെളിഞ്ഞാല്‍ അജ്ഞാനത്തിനു നില്‍ക്കക്കള്ളിയില്ലാതാവുന്നു. അന്യഥാ പറഞ്ഞാല്‍ തിന്മയ്ക്കുമേല് നന്മ കൈവരിക്കുന്ന വിജയത്തിന്റെ സൂചകവുമാണത്.
പലതരം കാഴ്ചപ്പാടുകള്‍
രാവണവധത്തില്കലാശിച്ച പതിനാല് കൊല്ലത്തെ വനവാസത്തിനു ശേഷം ശ്രീരാമചന്ദ്രന് പട്ടാഭിഷിക്തനാവുന്ന മഹനീയ സന്ദര്‍ഭത്തില്‍ കരകവിഞ്ഞ ഭക്തകോടികളുടെ ഉത്സാഹത്തിമിര്‍പ്പ് രാജ്യതലസ്ഥാനത്തില്‍ രാമലീലയുടെ രൂപത്തില്‍ പ്രകടമാവുന്നു. നരകാസുരനെ ശ്രീകൃഷ്ണന് സത്യഭാമാസഹായനായി വകവരുത്തിയതിന്റെ സ്മൃതിമഹോതിസവമാണ് തിരുവനന്തപുരത്തും മറ്റും ദീപാവലി. അന്നുരാത്രി ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ വലിയകൊട്ടാരം കളിയോഗത്തിലെ ഒന്നാംകിട കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ രചനയായ നരകാസുരവധം കഥകളി അരങ്ങേറിയിരുന്ന പതിവ്, രാജവാഴ്ച്ചയ്ക്കുശേഷം ചുരുങ്ങിയ തോതിലെങ്കിലും ഇക്കാലത്തും തുടരുന്നു.
വിവിധ വിശ്വാസങ്ങളുടെ ഭൂമികകള്‍
ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ പൂജയ്ക്കു മര്മപ്രധാന്യം നല്‍കിക്കൊണ്ടാണ് ചില പ്രദേശങ്ങളിലെ ദീപാവലിസമാഘോഷം. ഇരുപത്തിനാലാമത്തെയും അവസാനത്തെയുമായ തീര്ഥങ്കരന് എന്ന നിലയില്‍ പരമാരാധ്യനായ മഹാവീരന്റെ മോക്ഷപ്രാപ്തിദിനമായാണ് ജൈനമതവിശ്വാസികള്‍ ദീപാവലി ആഘോഷിക്കാറ്. ഗുരു ഹര് ഗോബിന്ദ് മറ്റ് അന്‍പത്തിരണ്ടു രാജകുമാരന്മാരോടൊപ്പം ജയില്‍വിമുക്തനായ ദിവസത്തെ ആഘോഷമാണ് സിക്കുകാര്‍ക്ക് ദീപാവലി. നേപ്പാളിലെ നേവാര്‍ വിഭാഗത്തില്‍പ്പെട്ട ബുദ്ധമതവിശ്വാസികള്‍ക്ക് ദീപാവലി സാംസ്കാരികമായി വളരെ പ്രധാനപ്പെട്ട ഒരു മേളയത്രേ.
പഞ്ചദിനമേള
അഞ്ചു നാളത്തെ ആഘോഷമാണ് സാമ്പ്രദായികദൃഷ്ട്യാ ദീപാവലി മഹോത്സവത്തില്‍ ഉള്ളടങ്ങുന്നത്. ഒന്നാം ദിവസം-ധന്വന്തരിപൂജ, സ്വര്‍ണം, വെള്ളി, ഉപകരണങ്ങള്‍ മുതലായ ഐശ്വര്യസൂചകമായ വസ്തുക്കള്‍ വാങ്ങല്‍. ദിവസം രണ്ട്-നരകചതുര്‍ദശി, ദേവേന്ദ്രനുള്പ്പെടെ സമസ്ത ദേവകള്‍ക്കും ഭീഷണിയായി വളര്‍ന്ന ദൈത്യചക്രവര്ത്തിയായ നരകാസുരന്റെ വധവും അയാളുടെ തടവില്പ്പെട്ടിരുന്ന നിരവധി രാജാക്കന്മാരുടെ മോചനവും സംഭവിച്ചത് ആശ്വിനി/കാര്‍ത്തിക (സപ്തംബര്‍/ഒക്ടോബര്‍) മാസങ്ങളിലെ കൃഷ്ണപക്ഷത്തിലുള്ള പതിനാലാം നാളാണ്! ദേഹമാസകലം എണ്ണതേച്ചുകുളി, മധുരപലഹാരവിതരണം, കേമമായ സദ്യ, ദീപാലങ്കാരം, പടക്കം പൊട്ടിക്കലും കരിമരുന്നുകലാപ്രകടനവുമെല്ലാംകൊണ്ട് ജനങ്ങള്‍ അര്‍മാദിക്കുന്ന നാളാണിത്. മഹാവിഷ്ണവിന്റെ മൂന്നാമാവതാരമായ വരാഹമൂര്‍ത്തിക്ക് ഭൂമീദേവിയോടുണ്ടായ സമ്പര്‍ക്കത്തിന് ഫലമാകയാല്‍ ശ്രീകൃഷ്ണന് അവധ്യനായ നരകാസുരനെ സത്യഭാമ സുദര്‍ശനചക്രം പ്രയോഗിച്ചു ഹനിച്ചു എന്നാണു പുരാണകഥ.
ദീവാളികുളി
അന്നുമുണ്ടായിരുന്നു ദീവാളികുളി: വിവരംകെട്ട ധൂര്‍ത്തുമൂലം കുത്തുപാളയെടുക്കുന്ന പരിഹാസ്യമായ സ്ഥിതിയെക്കുറിക്കാന് നാടന്‍ മലയാളിയുടെ നാവില്‍ വരാറുള്ള ‘ദീവാളികുളിക്കുക’ എന്ന പ്രയോഗത്തിന്റെ ഉറവിടം ഇതില്‍നിന്നു വ്യക്തം. എന്റെ കുട്ടിക്കാലത്ത് ഇലക്കുമ്പിളുമായി വീട്ടുപടിക്കല്‍ പറ്റംചേര്‍ന്നു വന്ന് ‘അമ്മാ കുളിക്കാന്‍ എണ്ണ’ എന്ന് വിളിച്ചുപറഞ്ഞിരുന്ന പാവപ്പെട്ട കുട്ടികളെയും അവരെ സന്തോഷിപ്പിച്ചയയ്ക്കാന് ‘അമ്മയുടെ നിയോഗാനുസരണം രാവിലേ കുളിച്ചുകുറിയിട്ട് കൂറ്റന്‍ ചരുവത്തില്‍ എണ്ണയുമായി സോല് സാഹം മുറ്റത്തു നിലയുറപ്പിച്ചിരുന്ന ചേച്ചിയെയും ഇവിടെ ഓര്‍ത്തുപോവുന്നു.
മൂന്നാം ദിവസം: ലക്ഷ്മീപൂജ- ഐശ്വര്യദേവതയായ മഹാലക്ഷ്മിയുടെ പൂജയ്ക്ക് സര്വാധികപ്രാധാന്യമുള്ള നാളാണിത്. നാലാം ദിവസം: ഗോവര്‍ധനപൂജ -ശ്രീകൃഷ്ണന്റെ ഗോവര്ധനോദ്ധാരത്തെ അനുസ്മരിച്ചുകൊണ്ട് ഗ്രാമീണകര്ഷകജനതയുടെ അഭിവൃദ്ധി ലാക്കാക്കുന്ന ചടങ്ങുകള്‍ക്കാണ് ഇതില്‍ പ്രാധാന്യം. അഞ്ചാം ദിവസം : ഉടപ്പിറപ്പൊരുമ – സോദരസാമരസ്യം. സ്ത്രീകള്‍ ആങ്ങളമാരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നു; പുരുഷന്മാര് സോദരിമാരുടെ രക്ഷ ഉറപ്പാക്കുകയും അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ നന്മയുടെ, വെളിച്ചത്തിന്റെ വിജയം, ധര്‍മബോധം അരക്കിട്ടുറപ്പിക്കല്‍, വരുംനാളുകളിലെ സമ്പല്‍സമൃദ്ധിയെക്കുറിച്ചുള്ള പ്രതീക്ഷ മുതലായവയുടെ ആഘോഷമാണ് ദീപാവലി. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പലമാതിരി വിഭിന്നതകളെ അതിലംഘിച്ച് ലോകനന്മ ലാക്കാക്കുന്ന ഒരുത്സവത്തിന്റെ പരിവേഷം ദീപാവലിക്കുണ്ടായിക്കൊണ്ടിരിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും സാധാരണമായിവരുന്ന ദീപക്കാഴ്ച്ച, മധുരപലഹാരവിതരണം, സമൃദ്ധസദ്യ, സമ്മാനം നല്കല് മുതലായവയുടെ സന്ദേശം അതുതന്നെ. എങ്കിലും ആധുനിക കാഴ്ച്ചപ്പാടില്‍ അന്തരീക്ഷ മലിനീകരണമുള്‍പ്പെടെയുള്ള പലമാതിരി വൈകല്യങ്ങള്‍ ഒഴിവാക്കുന്ന, പരിസ്ഥിതിസൗഹൃദം പുലര്‍ത്തുന്ന ആഘോഷങ്ങളല്ലേ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ആശാസ്യം എന്ന ചിന്തയും ചോദ്യവും സംഗതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: