പാലക്കാട്: പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ കൊട്ടിഘോഷിച്ച് നടത്തിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പുതിയ ടെര്‍മിനല്‍ യാഥാര്‍ഥ്യമായിട്ടും യാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല. ഒമ്പതുകോടി രൂപ ചെലവിട്ട് നിര്‍മിച്ച ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴുമില്ല.
എംഎല്‍ംഎയുടെ ഏറ്റവും വലിയ പദ്ധതിയാണെന്ന് ഘോഷിച്ചുകൊണ്ടായിരുന്നു സ്റ്റാന്റിന്റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കെട്ടിടം പൊളിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ കോടികള്‍ ചെലവഴിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച കെഎസ്ആര്‍ടിസി ടെര്‍മിനലിന് ബില്‍ഡിങ് പെര്‍മിറ്റ് ഇല്ലെന്നതാണ് പ്രധാന സവിശേഷത. ഒരു പ്രധാനപ്പെട്ട സര്‍ക്കാര്‍ സര്‍വീസിന്റെ ദയനീയമായ സ്ഥിതിയാണിത്.
സ്റ്റാന്റിനകത്തേക്ക് യാത്രക്കാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ കടമമ്പകളേറെയാണ്. പ്രവേശന കവാടത്തിന് ഇരുവശത്തും അനധികൃത കച്ചവടം ഏറെയാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സ്റ്റാന്റിനോട് ചേര്‍ന്ന് പാര്‍ക്കിങ് കേന്ദ്രം ഉണ്ടെങ്കിലും വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ് വാഹനങ്ങള്‍ക്ക്. മറ്റൊരിടത്തും ഇല്ലാത്ത രീതിയിലാണ് ഫീ വാങ്ങുന്നതെന്നും പറയുന്നു.
സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും സേവനമില്ല. വാഹനങ്ങള്‍ തോന്നുംപോലെ നിര്‍ത്തും. രാപകല്‍ ബേധമില്ലാതെ ആയിരക്കണക്കിന് യാത്രക്കാരാണ് സ്റ്റാന്റില്‍ വന്നുപോകുന്നത്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ല. ചെറുകിട കച്ചവടകേന്ദ്രങ്ങളിലോ വീടുകളിലോ പോലും സിസിടിവി സ്ഥാപിച്ചിരിക്കെ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഒരു സിസിടിവി പോലും ഇല്ല. ബസുകള്‍ നിര്‍ത്തുന്ന ട്രാക്കുകള്‍ക്കു മുന്‍വശത്ത് കസേരകളുണ്ടെങ്കിലും ഒരു ഫാന്‍ മാത്രമാണുള്ളത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ജീവനക്കാര്‍ക്ക് പ്രത്യേകം ഓഫീസ് ഇല്ലാത്തതിനാല്‍ ട്രാക്കുകള്‍ക്ക് സമീപം മേശയും കസേരയുമിട്ടാണ് ഇവരുടെ ദൗത്യം നിര്‍വഹിക്കുന്നത്. പുതിയ ടെര്‍മിനല്‍ പ്രാവര്‍ത്തികമായി രണ്ടുവര്‍ഷം പിന്നിടുമ്പോഴും രാത്രികാലത്ത് ബസുകള്‍ നിര്‍ത്തിയിടുന്നത് സ്റ്റാന്റിന് പിന്‍വശത്തെ ബൈപ്പാസിലാണ്.
കാന്റീനിന്റെ നടപടികള്‍ ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിട്ട ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അതിന്റെ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ഇല്ല. സ്റ്റാന്റിനകത്തുള്ള ശൗചാലയമാകട്ടെ മിക്ക സമയവും അടഞ്ഞുകിടക്കുകയാണ്. യാത്രക്കാര്‍ക്ക് സമീപത്തുള്ള ഹോട്ടലുകള്‍ മാത്രമാണ് ആശ്രയം.
സ്റ്റാന്റ് കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ കടമുറികളോ ഓഫീസ്റൂമുകളോ വാടകക്ക് കൊടുക്കാത്തതിനാല്‍ വരുമാന നഷ്ടവും ഏറെയാണ്. സ്റ്റാന്റിനകത്തേക്ക് ബസുകള്‍ കയറുന്ന ഭാഗത്ത് ഇതര ബസുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ പ്രധാന റോഡില്‍ ഗതാഗതക്കുരുക്കും സാധാരണയാണ്. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടനിര്‍മാണം തുടങ്ങിയതുതന്നെ വര്‍ഷങ്ങള്‍ പിന്നിട്ടായിരുന്നു.
പഴയ സ്റ്റാന്റിനകത്തെ ഡീസല്‍ ടാങ്ക് പൊളിച്ചുമാറ്റിയതിനാല്‍ ബസുകള്‍ ഇപ്പോള്‍ ഇന്ധനം നിറയ്ക്കുന്നത് ബിഒസി റോഡിലെ സ്വകാര്യ പമ്പില്‍ നിന്നാണ്. കുടിവെള്ളത്തിനായി സ്റ്റാന്റനികത്ത് സംവിധാനമുണ്ടെങ്കിലും മിക്കപ്പോഴും വെള്ളമുണ്ടാകാറില്ല. അതിനാല്‍ യാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. അനധികൃത കച്ചവടക്കാര്‍ക്കെതിരെ നഗരസഭ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്ന് പലര്‍ക്കും ഒഴിഞ്ഞുപോകേണ്ടി വന്നു.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ടുനില്ക്കുന്ന കേരളത്തിലെ പ്രധാന ഡിപ്പോകളില്‍ ഒന്നാണ് പാലക്കാട്ടേത്. എന്നാല്‍ യാത്രക്കാര്‍ക്കുവേണ്ട യാതൊരുവിധ സൗകര്യങ്ങളും ഇപ്പോഴുമില്ല. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴും ദുരിതട്രാക്കും പേറിയാണ് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: