അഡിഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രേരണാക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ദിവ്യ 14 ദിവസമായി ഒളിവിലെന്നതാണ് സത്യം. പോലീസ് നോക്കിനില്‍ക്കെ ദിവ്യ പയ്യന്നൂരില്‍ ചികിത്സതേടി. എന്നിട്ടും ദിവ്യ പിടിയിലായില്ല. ഒടുവില്‍ ദിവ്യ കീഴടങ്ങിയതായി പ്രചരിപ്പിച്ച് തിരശീലയുമിട്ടു.
വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറയുന്നു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്‌ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്‌ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്‌ക്കു മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. അതൊഴിവാക്കാനായിരുന്നു കണ്ണപുരത്തെ അറസ്റ്റ് നാടകം. പി.പി.ദിവ്യയ്‌ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ബന്ധുക്കള്‍ എത്തുന്നതിനു മുന്‍പേ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നാണവരുടെ ആവശ്യം. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തുമ്പോള്‍ ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു. പക്ഷേ അത് പാലിച്ചില്ല. മൃതദേഹം കണ്ണൂര്‍ കലക്ട്രേറ്റില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. അതും നടന്നില്ല.
ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യയെ കലക്ടര്‍ അനുവദിക്കരുതായിരുന്നു. പ്രസംഗം ലോക്കല്‍ ചാനലിനെകൊണ്ട് റെക്കോര്‍ ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. ഫയല്‍ കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്ഥര്‍ക്കും അക്കാര്യം അറിയാമായിരുന്നെന്നും മഞ്ജുഷ പറയുന്നു.
കുടുംബത്തിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രതിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അവിടെയും കക്ഷിചേരും. തുടക്കം മുതല്‍ രാഷ്‌ട്രീയപോരാട്ടമല്ല, നിയമപോരാട്ടമാണ് കുടുംബം നടത്തിയത്. രാഷ്‌ട്രീയത്തെ ഭയപ്പെടുന്നില്ല. രാഷ്‌ട്രീയ നേതാക്കള്‍ ഈ വിഷയം സംസാരിച്ചിട്ടില്ല. നിയമം മാത്രമേ കുടുംബം നോക്കിയിട്ടുള്ളൂ. നേരത്തെ തന്നെ പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് സഹോദരന്‍ പ്രവീണിന്റെ അഭിപ്രായം.
ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎമ്മെന്ന് ആവര്‍ത്തിക്കുമ്പോഴും, രാഷ്‌ട്രീയ കാരണങ്ങളാല്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. ഒളിപ്പിച്ച്, ഒളിപ്പിച്ച് ഒടുവില്‍ പിടികൂടി.
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമില്ലാതെ ദിവ്യ ഒളിവില്‍ തുടരാന്‍ സാധ്യതയില്ല. പൊലീസ് നടപടി വൈകുന്നതിലും രാഷ്‌ട്രീയ നിര്‍ദേശം ഉറപ്പ്. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പൊലീസിന്റെ നടപടികള്‍ എന്താണെന്നാണ് നവീന്റെ കുടുംബം ഉറ്റുനോക്കുന്നത്. ദിവ്യ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇടയിലാണ് ദിവ്യയെ പിടികൂടുന്നത്. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്‌ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. . ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ദിവ്യക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
നവീന്‍ ബാബു ജീവനൊടുക്കിയതാണോ, കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന സംശയം ബലപ്പെടുകയാണ്. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. പരാതി തയ്യാറാക്കിയ പ്രശാന്തനെ പ്രതിയാക്കേണ്ടതായിരുന്നു. അതുണ്ടായില്ല. പെട്രോള്‍ പമ്പ് ആരുടേതാണെന്ന ചോദ്യം പ്രസക്തമാണ്. ദിവ്യയുടേത് തന്നെയാണോ? അതോ ഭര്‍ത്താവിന്റേതാണോ? അതോ കൈക്കൂലി പരാതി തട്ടിക്കൂട്ടിയ സിപിഎം സാരഥികളുടേതാണോ? അതാണ് ഇനി വ്യക്തമാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: