കാസർകോട്: പത്താമുദയം കഴിഞ്ഞതോടെ കോലത്ത് നാട്ടിലെ തീയ സമുദായ വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) വിശേഷങ്ങളുമായി തിരക്കിലേക്ക്. ദേവസ്ഥാനങ്ങള്‍ അടക്കം എട്ടില്ലം തിരിച്ചുള്ള 123 വയനാട്ടുകുലവന്‍ തറവാടുകള്‍ പാലക്കുന്ന് കഴകത്തില്‍ തന്നെയുണ്ട്. ജില്ലയിലെ മൊത്തം എണ്ണം 500ല്‍ അധികമാണ്.
വയനാട്ടുകുലവനാണ് പ്രധാന പ്രതിഷ്ഠ. മഹാവിഷ്ണു, കുറത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികന്, പൊട്ടന് തുടങ്ങിയ പരിവാര ദൈവങ്ങളെയും ആരാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ സംഗമ സ്ഥാനമാണ് തറവാടുകള്‍. തൊണ്ടച്ഛന് പുത്തരി വിളമ്പാന്‍ എല്ലാ അംഗങ്ങളും വാര്‍ഷിക പുതിയൊടുക്കല്‍ ദിവസം തറവാടുകളില്‍ എത്തിയിരിക്കും. സ്ത്രീകള്‍ 5 ഇടങ്ങഴി അരിയും ദീപത്തിന് എണ്ണയുമാണ് പഴയ രീതിയനുസരിച്ച് നല്‍കേണ്ടതെങ്കിലും തറവാട് കമ്മറ്റി നിശ്ചയിക്കുന്ന തുക നല്കി രസീത് കൈപ്പറ്റുന്നതാണ് നിലവിലെ രീതി.
ഒരുക്കങ്ങളും ചടങ്ങുകളും
തീയതി നിശ്ചയിക്കാന്‍ പൊതുയോഗം ചേര്‍ന്ന് വെളിച്ചപ്പാടന്മാരുടെ സൗകര്യം അറിഞ്ഞശേഷം പുതിയൊടുക്കല്‍ നിശ്ചയിക്കും. ഒരാഴ്ച മുന്‍പ് കുലകൊത്തും. ചിലയിടങ്ങളില്‍ തെയ്യാടിക്കലും ഉണ്ടാകും. പുതിയൊടുക്കല്‍ ദിവസം സന്ധ്യാദീപത്തിന് ശേഷം ചടങ്ങുകള്‍ തുടങ്ങും. തിരുവായുധങ്ങള്‍ തുടച്ചു വൃത്തിയാക്കാന്‍ അതിന് അവകാശികളായവര്‍ നേരത്തേ എത്തും. വണ്ണാന്‍ സമുദായത്തില്‍പെട്ടവര്‍ ദൈവത്തെ വരവേല്ക്കാനെന്ന സങ്കല്പത്തില് തോറ്റം ചൊല്ലും. ഇവര്‍ തന്നെയാണ് വടക്കേം വാതിലിനുള്ള തട്ട് ഒരുക്കുന്നതും. ഇത് വിഷ്ണുമൂര്ത്തിക്ക് വേണ്ടിയാണ്.
തൊണ്ടച്ചനും മറ്റു ദൈവങ്ങള്‍ക്കും അടയും മറ്റ്നിവേദ്യ വസ്തുക്കളുമാണ് ഒരുക്കുന്നത്. കുറത്തിയമ്മയ്ക്ക് ചോറും പിടക്കോഴി കറിയും നിവേദിക്കും. പ്രത്യേക രുചിക്കൂട്ടില്‍ അരിപ്പൊടി, ശര്‍ക്കര, ചിരവിയെടുത്ത തേങ്ങ എന്നിവ ചേര്‍ത്ത് വാഴയിലയില്‍ ചുട്ടെടുക്കുന്നതാണ് അട(അംശം). തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാടാണ് പുതിയൊടുക്കലിന്റെ മുഖ്യമായ ചടങ്ങ്. പുതിയൊടുക്കലിനായി ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം അംശവും പഴവും വിഭവസമൃദ്ധമായ സദ്യയും വിളമ്പും. ചടങ്ങ് കഴിഞ്ഞ് പോകുമ്പോള്‍ തറവാട് അംഗങ്ങള്‍ക്ക് അടയും പഴവും മലരും ചേര്‍ത്ത് പ്രത്യേക വിഹിതം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൈതും (കൈവീത്), കുറത്തിയമ്മയ്ക്ക് ചോറും കറിയും നേര്‍ച്ചയായി സമര്‍പ്പിക്കാം.
പത്താമുദയത്തിന് ശേഷം തുടങ്ങുന്ന പുതിയൊടുക്കല്‍ വിഷുവിന് മുന്‍പായി പൂര്‍ത്തിയാകും. കണ്ണംവയല്‍ അടുക്കാടുക്കം താനത്തിങ്കാല്‍ ദേവസ്ഥാനം- ഒക്ടോ. 30ന്.പാക്കം പള്ളിപ്പുഴ പുലിക്കോടന് ദേവസ്ഥാനംനവം.3ന്. കരിപ്പോടി പെരുമുടിത്തറ തറയില്‍ വീട് തറവാട്നവം 5ന്. പാക്കം എഡൂര് കൂക്കള്‍ ദേവസ്ഥാനംനവം 6ന്. ബാര മഞ്ഞളത്ത് തറവാട്നവം 23ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: