കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ദിവ്യ അവരുടെ താമസസ്ഥലത്തിന് സമീപമുള്ള കണ്ണപുരത്ത് വച്ചാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷമായിരുന്നു ഇവർ കണ്ണപുരത്തെത്തിയത്.
പ്രാദേശിക പാർട്ടി പ്രവർത്തകരും ദിവ്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ദിവ്യ പോലീസ് കസ്റ്റഡിയിലാണെന്ന് പോലീസ് കമ്മിഷണർ അറിയിച്ചു. ഇവരെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണുളളത്. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു.
തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: