വിജയപുര (കര്‍ണാടക): വഖഫ് അധിനിവേശ നീക്കത്തിനെതിരെ കര്‍ണാടകയില്‍ വന്‍ കര്‍ഷക പ്രതിഷേധം. കര്‍ഷകരുടെ 1500 ഏക്കര്‍ ഭൂമിക്ക് മേല്‍ അവകാശവാദമുന്നയിച്ച വഖഫ് ബോര്‍ഡ് ഭൂമി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് വിജയപുരയിലെ ടിക്കോട്ട ഹോന്വാഡയില് പ്രതിഷേധം ശക്തമായത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പഴയ സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച്, ഭൂമി ഷാ അമിനുദ്ദീന്‍ ദര്‍ഗയുടേതാണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോര്‍ഡ് നോട്ടീസ്. അതേസമയം എംപി ഗോവിന്ദ് കര്‍ജോളിന്റെ നേതൃത്വത്തിലുള്ള ബിജെപി സമിതി ഹോന്‍വാഡ് സന്ദര്‍ശിച്ച് വിഷയത്തില്‍ റിപ്പോര്‍ട്ട് തയാറാക്കും.
അതേസമയം പ്രശ്നം ലഘൂകരിക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. നോട്ടീസ് പിന്‍വലിക്കുമെന്നും കര്‍ഷകരെ ദ്രോഹിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സംസ്ഥാന നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. അതൊരു തെറ്റായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. അതിനായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും, അദ്ദേഹം പറഞ്ഞു.അതേസമയം നല്കിയ നോട്ടീസ് പിന്‍വലിക്കുന്നതിന് ചില നടപടികളുണ്ടെന്നും അതിന് കുറച്ച് ദിവസങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സംസ്ഥാന വ്യവസായ മന്ത്രി എം.ബി. പാട്ടീലിന് നിവേദനം നല്കി. 11 ഏക്കര്‍ മാത്രമാണ് വഖഫ് ബോര്‍ഡിന്റേതെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിജയപുരയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി പാട്ടീല്‍ പറഞ്ഞു. പഴയ ഗസറ്റ് വിജ്ഞാപനത്തിലെ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് മന്ത്രിയുടെ വാദം.
പതിനൊന്ന് ഏക്കറില്‍ 10.1 ഏക്കര്‍ ഖബറിടവും ശേഷിക്കുന്നത് ഒരു പള്ളിയും ഈദ്ഗായുമാണെന്നും മറ്റെല്ലാം കര്‍ഷകരുടേതാണെന്നും പാട്ടീല്‍ പറഞ്ഞു. തഹസില്‍ദാരും ഡെപ്യൂട്ടി കമ്മിഷണറും ഉള്‍പ്പെടെയുള്ളയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ കോടതി വിധിക്കായി ജനങ്ങള്‍ കാത്തിരിക്കണം. വിഷയം പരിഹരിക്കാന്‍ ജില്ലാ, റവന്യൂ, വഖഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും പാട്ടീല്‍ പറഞ്ഞു.
കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്റെ വിജയപുര സന്ദര്‍ശനത്തിന് ശേഷമാണ് കര്‍ഷകര്‍ക്ക് ഭൂമി ഒഴിയണമെന്ന് കാട്ടി നോട്ടീസ് ലഭിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: