തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട വിവാദങ്ങൾക്കിടെ കേസെടുത്ത് പോലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞൻറെ പരാതിയിലാണ് തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് ആരെയും പ്രതിചേർക്കാതെ കേസെടുത്തത്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമര്‍ശം.
കേസിൽ അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പെട്ടെന്നുള്ള കേസ്. ഗൂഢാലോചന കൂടാതെ, ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരായ കലാപത്തിനുള്ള ശ്രമം, മതപരമായ ആചാരങ്ങൾ തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പൂരം അലങ്കോലപ്പെടുത്താന്‍ പ്രതികള്‍ പരസ്പരം സഹായിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.
തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും, ചടങ്ങുകളെല്ലാം കൃത്യമായി നടന്നു, വെടിക്കെട്ട് വൈകുക മാത്രമാണ് ഉണ്ടായതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നത്. ഈ വാക്കുകളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് ഇപ്പോൾ പോലീസിന്റെ എഫ്ഐആർ തെളിയിക്കുന്നത്.
പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിലുണ്ട്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒന്‍പത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതന്നെ പരാതിക്കാരനാക്കി കേസെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: