തിരുവനന്തപുരം: നമ്മുടെ ഇഛാശക്തിയെ വളര്‍ത്തി മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഡോ. മഞ്ജു എം. തമ്പി പറഞ്ഞു. ബാലഗോകുലം തിരുവനന്തപുരം മഹാനഗരം ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഭഗിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കല്ലുംമുള്ളും നിറഞ്ഞതാണെങ്കിലും നമ്മളുടെ മക്കളെ നന്മയുടെ പാതയിലൂടെ നടത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ചെറുകഥകളിലൂടെയും കളികളിലൂടെയും ദേശസ്നേഹമുള്ള, നേതൃഗുണമുള്ള, കുട്ടികളെ വാര്‍ത്തെടുക്കുന്ന ബാലഗോകുലം ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമാണ്. സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സുരക്ഷയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.
”നിങ്ങള്‍ ഒരു പെണ്‍സിംഹമാണ്, നിങ്ങളില്‍ ഈ ലോകത്തെ ചലിപ്പിക്കാനുള്ള കഴിവുണ്ട്” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകേട്ടാണ് ഭഗിനി നിവേദിത സാമൂഹ്യസേവനത്തിനിറങ്ങുന്നത്. ഒരു വിദേശവനിത ഭാരതമണ്ണില്‍ നടത്തിയ ആദ്യ സേവനം ഭഗിനി നിവേദിതയുടെതായിരുന്നു. ഒരു ജനതയുടെ മുഴുവന്‍ മാതാവായിരുന്നു ഭഗിനി നിവേദിത. സ്വന്തമായി ഉള്ളതെല്ലാം ഭാരതത്തിന് സമര്‍പ്പിച്ച നിവേദിത ഇവിടെ വിശ്രമിക്കുന്നുവെന്ന് നിവേദിത അന്ത്യ വിശ്രമം കൊള്ളുന്നിടത്ത് എഴുതിവച്ചിട്ടുണ്ട്. ഭാരത നവോത്ഥാനത്തിനു വേണ്ടി പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച നിവേദിതയെപ്പോലെ നിവേദിത മാത്രമെയുള്ളൂവെന്നും മുഖ്യപ്രഭാഷണം നടത്തിയ വട്ടിയൂര്‍ക്കാവ് നഗര്‍ ഭഗിനി പ്രമുഖ ഐശ്വര്യ പറഞ്ഞു.
സമ്മേളനത്തില്‍ ബാലഗോകുലം തിരുവനന്തപുരം മഹാനഗരം ഗോകുലജില്ല ഭഗിനി പ്രമുഖ അപര്‍ണ ഷാജി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആര്.കെ. രമാദേവി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. മഹാനഗരം ഗോകുല ജില്ലാ അധ്യക്ഷന്‍ പ്രൊഫ. ടി.എസ്. രാജന് സമാപനപ്രഭാഷണം നടത്തി. ജില്ല സഹ ഭഗിനിപ്രമുഖ വി.എസ്. മഞ്ജു, ആറ്റുകാല്‍ നഗരം ഭഗിനിപ്രമുഖ അശ്വതി ഗോപു, കഴക്കൂട്ടം നഗരം ഭഗിനിപ്രമുഖ എസ്.ഡി. സൗമ്യ, അഥീന എന്നിവര്‍ സംസാരിച്ചു. ഭഗിനി നിവേദിതയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പാറശ്ശാല: നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ല നിവേദിതം 2024 എന്ന പേരില്‍ ഭഗിനി സമ്മേളനം സംഘടിപ്പിച്ചു. പാറശ്ശാല വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ലാ ഭഗിനിപ്രമുഖ സിന്ധു നാഗേന്ദ്രന് അധ്യക്ഷത വഹിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദക്ഷിണ പ്രാന്തം സംഘാടക രാധാ ദീദി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.
സംഘടനാവിഷയത്തില്‍ ബാലഗോകുലം ദക്ഷിണകേരളം പൊതുകാര്യദര്‍ശി ബി.എസ്. ബിജു സംസാരിച്ചു. ‘സമാജനിര്മിതിയിലെ സ്ത്രീപക്ഷം’ എന്ന വിഷയത്തെ അധികരിച്ച് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ ഭഗിനി പ്രവര്‍ത്തകരുമായി സംവദിച്ചു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ജില്ലാ ബാലസമിതി അധ്യക്ഷ ശ്രീപാര്‍വതി എന്നിവര്‍ സംസാരിച്ചു. വെള്ളറട, പാറശ്ശാല, പൂവ്വാര്‍, നെയ്യാറ്റിന്‍കര എന്നീ ഗോകുല താലൂക്കുകളില്‍ നിന്നും 500ല്‍ അധികം ഭഗിനിമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: