പെരുങ്കടവിള: മാരായമുട്ടത്ത് പോലീസുകാരായ സഹോദരങ്ങള്‍ വൃദ്ധയുടെ വീട് പൊളിച്ച് സ്ഥലം കൈയേറി റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതായി പരാതി. പറക്കോട്ടുകോണത്ത് സെലിന് ഗ്ലോറി (60) യുടെ വീടാണ് തകര്‍ത്തത്.
ചായ്ക്കോട്ടുകോണത്തെ റൈസ് മില്ലില്‍ സെലിന് ജോലിക്കുപോയ സമയത്താണ് വീട് തകര്‍ത്തതെന്നാണ് പരാതി. മേല്‍ക്കൂരയും വീട്ടുസാമഗ്രികളും സമീപത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു ഇവരെത്തുമ്പോള്‍. സംഭവത്തില്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
സെലിന്റെ ഭര്‍തൃ സഹോദരി കുഞ്ഞമ്മ (84)യുടെ ഉടമസ്ഥതയിലുള്ളതാണ് സെലിന് താമസിക്കുന്ന മരുതത്തൂര്‍ ചെമ്മണ്ണുവിളയിലെ 24 സെന്റ് സ്ഥലവും വീടും. കഴിഞ്ഞ 12 വര്‍ഷമായി സെലിനും ഭര്‍ത്താവും ഇവിടെയാണ് താമസിച്ചിരുന്നത്. ഈ സ്ഥലം റോഡിനുവേണ്ടി ആവശ്യപ്പെട്ട് അയല്‍ക്കാരും പോലീസുകാരും സഹോദരങ്ങളുമായ അരുണ്‍, അഖില്‍ എന്നിവരുമായി മുമ്പും തര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞമാസം സെലിന്റെ ഭര്‍ത്താവ് മരിച്ചു. ഇതോടെ വീണ്ടും തര്‍ക്കം രൂക്ഷമായി.
സെലിനും കുഞ്ഞമ്മയും മാരായമുട്ടം പോലീസില്‍ പരാതി നല്‍കിയതോടെ പോലീസുകാരായ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി വിട്ടു. ഇതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി, തിരുവനന്തപുരം റൂറല്‍ എസ്പി, എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: