ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ഓള്-ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പുതിയ ജന്‍ ഔഷധി കേന്ദ്രം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര രാസവളം, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ പങ്കെടുക്കും. വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി എയിംസിലെത്തുന്നവര്ക്ക് താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
1,724 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കേന്ദ്രം, ഗുണമേന്മയുള്ള 2,047 ജനറിക് മരുന്നുകളും 300 ശസ്ത്രക്രിയാ ഉപകരണങ്ങളും അവയുടെ ബ്രാന്‍ഡഡ് വില്പനക്കാരെക്കാള് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എയിംസ് പത്രക്കുറിപ്പില്‍ പറയുന്നു. ഹൃദയാരോഗ്യം, കാന്‍സര്‍, പ്രമേഹരോഗികള്‍, പകര്‍ച്ചവ്യാധികള്‍, അലര്‍ജി, ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ നിരവധി ചികിത്സകള്‍ക്കാവശ്യമായ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയിലും എന്നാല്‍ ഉയര്‍ന്ന നിലവാരത്തിലും ഇതുവഴി ലഭ്യമാക്കും. രാജ്യത്തിന്റെ ആരോഗ്യപരിരക്ഷയില്‍ വലിയ വിപ്ലവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അവശ്യമരുന്നുകള്‍ എല്ലാവരുടെയും അവകാശമാണെന്ന പ്രഖ്യാപനമാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. അത്യാധുനിക ചികിത്സകള്‍ക്കും വിദഗ്ധ പരിചരണത്തിനും പേരുകേട്ട എയിംസ് പോലെയുള്ള തിരക്കേറിയ മെഡിക്കല്‍ ഹബ്ബില്‍, സ്ഥാപിക്കുന്ന വിപുലമായ ജന്‍ ഔഷധി കേന്ദ്രം എല്ലാ പൗരന്മാര്ക്കും അവരുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ തുല്യമായ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പാത തെളിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഓരോ ദിവസവും ഒരു ദശലക്ഷം ആളുകള്‍ക്ക് ആരോഗ്യ ആനുകൂല്യങ്ങള്‍ നല്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25,000 കേന്ദ്രങ്ങളിലേക്ക് ജന്‍ ഔഷധി വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: