ഞങ്ങളുടെ വീടുകള്‍ പെട്ടെന്ന് വഖഫ് ഭൂമിയായി അവര്‍ക്ക് എങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയും? ഇതൊരു ക്രൂരമായ തമാശയാണ്, ഞങ്ങളുടെ ജീവിതം ഇവിടെയാണ് തുടങ്ങിയതും വളര്‍ന്നതും. ഞങ്ങളെ ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്, വഖഫ് അവകാശവാദങ്ങളുടെ മറവില്‍ ഞങ്ങളെ പുറത്താക്കാനാണ് ശ്രമിക്കുന്നത്.
രാഘവേന്ദ്ര, മല്‍കാജ്ഗിരി നിവാസി
ഹൈദരാബാദ്: കര്‍ണാടകത്തിന് പിന്നാലെ തെലങ്കാനയിലും അധിനിവേശത്തിന് വഖഫ് നീക്കം. ആയിരത്തിലേറെ ഹിന്ദു കുടുംബങ്ങള്‍ അധിവസിക്കുന്ന മേഡ്ചല്‍ മല്‍കാജ്ഗിരി ജില്ലയിലെ മല്‍കാജ്ഗിരിയില്‍ 750 ഏക്കര്‍ ഭൂമിയിലാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത്. ഇതോടെ നൂറിലധികം സര്‍വേ നമ്പരുകളിലുള്ള വസ്തുവകകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും താത്കാലികമായി തടഞ്ഞുകൊണ്ടുള്ള രജിസ്ട്രേഷന് വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നു.
കേരളത്തിലെ മുനമ്പത്ത് അറുനൂറിലേറെ മത്സ്യത്തൊഴിലാളികള്‍ സമാനമായ രീതിയില്‍ കുടിയിറക്ക് ഭീഷണിയിലാണ്. തമിഴ്നാടും വഖഫ് ഭീകരതയ്ക്കെതിരെ പ്രതിഷേധത്തിലാണ്. വഖഫ് ഭീകരത ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പടരുന്നതിന്റെ സൂചനയാണ് ഒടുവില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം നല്‍കുന്നത്.
ആഗസ്ത് 27 നാണ് നിര്‍ദിഷ്ട ഭൂമികള്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തെലങ്കാന രജിസ്ട്രേഷന് ആന്‍ഡ് സ്റ്റാമ്പ്സ് കമ്മിഷണറും ഇന്‍സ്പെക്ടര്‍ ജനറലും മല്‍കാജ്ഗിരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന രജിസ്ട്രേഷന് ആന്‍ഡ് സ്റ്റാമ്പ്സ് വകുപ്പിന്റെ ഈ ഉത്തരവുകള്‍ പ്രകാരം മല്‍കാജ്ഗിരി സബ് രജിസ്ട്രാര്‍ ശ്രീകാന്താണ് ഭൂമിയുടെ ക്രയവിക്രയം തടഞ്ഞത്. പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്നവര്‍ സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ്. മൗലാലി, ആര്‍ടിസി കോളനി, ഷഫീ നഗര്‍, തിരുമല നഗര്‍, ഭരത് നഗര്‍, എന്‍ബിഎച്ച് കോളനി, ഈസ്റ്റ് കാകതീയ നഗര്‍, ഓള്‍ഡ് സഫില്‍ഗുഡ, ന്യൂ വിദ്യാനഗര്‍, രാമബ്രഹ്മ നഗര്‍, ശ്രീകൃഷ്ണ നഗര്‍, സീതാരാമ നഗര്‍ തുടങ്ങിയ ജനവാസ മേഖലകളെല്ലാം ഈ 750 ഏക്കറിലാണ്.
ഹൈദരാബാദിനോട് ചേര്‍ന്നുള്ള മല്‍കാജ്ഗിരി രാജ്യത്തെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമാണ്. ജനങ്ങളെ കുടിയിറക്കാനുള്ള ഒരു നീക്കവും നടപ്പാകില്ലെന്ന് സ്ഥലം എംപിയും ബിജെപി നേതാവുമായ ഏട്ടല രാജേന്ദര്‍ പറഞ്ഞു. പച്ചയായ ഭൂമികൈയേറ്റമാണിത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യുകയാണ്, അദ്ദേഹം പറഞ്ഞു.
സംസ്ഥാന രജിസ്ട്രേഷന് വകുപ്പിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് വിശ്വഹിന്ദു പരിഷത്തും രംഗത്തുവന്നിട്ടുണ്ട്. ആയിരക്കണക്കിന് ഹിന്ദുകുടുംബങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണിതെന്ന് വിഎച്ച്പി ദേശീയ വക്താവ് ഡോ. രവിനുതല ശശിധര്‍ പറഞ്ഞു. വഖഫ് അവകാശവാദങ്ങളുടെ നിയമസാധുതയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: